Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/09/2022 )

 

നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു
നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു.

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ 37 പേര്‍

ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 12 കുടുംബങ്ങളിലെ 37 പേര്‍. കോഴഞ്ചേരി താലൂക്കിലും തിരുവല്ല താലൂക്കിലും ഓരോ ക്യാമ്പുകളാണ് ഉള്ളത്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ മൂന്നു പേരുമാണ് കഴിയുന്നത്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ ഒരു വീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ രണ്ടു വീതം വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്.

 

വനിതാ കൗണ്‍സിലര്‍ ഒഴിവ്
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം 13ന് 11 മണിക്ക് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തി പരിചയം അഭികാമ്യം.
ഫോണ്‍ : 8848 680 084, 9745 292 674.

അപേക്ഷ ക്ഷണിച്ചു
വിജ്ഞാന്‍ വാടികളില്‍ കോ -ഓര്‍ഡിനേറ്റര്‍ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 21 – 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 17ന് വൈകുന്നേരം അഞ്ചിനുമുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാണ്. ഫോണ്‍: 0468 2 322 712.

അടൂര്‍ ടൗണിലെ പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കും:
താലൂക്ക് വികസന സമിതി
അടൂര്‍ താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗം അടൂര്‍ താലൂക്ക് ഓഫീസില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ ടൗണിലെ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. അടൂര്‍ ടൗണിലെ മയക്കു മരുന്ന് കച്ചവടങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആര്‍.ഡി.ഒ, ജനപ്രതിനിധികള്‍,വിദ്യാഭ്യസ സ്ഥാപന മേധാവികള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

 

അടൂര്‍ ടൗണില്‍ പൊതു സ്ഥലങ്ങളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനാവശ്യമായ നടപടികള്‍ നഗരസഭ കൈക്കൊളളണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിട്ടുളള പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി.
നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്നും ട്രാഫിക് അഡൈ്വസറി കമ്മിറ്റികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും താലൂക്ക് വികസന യോഗത്തില്‍ തീരുമാനിച്ചു. പന്തളം നഗരസഭ ചെയര്‍മാന്‍ സുശീല സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

മദ്യനിരോധനം

ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം സെപ്റ്റംബര്‍ 11ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ പ്രദേശങ്ങളിലെ കടകള്‍, കള്ളുഷാപ്പുകള്‍, ബാറുകള്‍, ബിവറേജസ് കോര്‍പറേഷന്‍ എന്നിവയും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ കൗണ്ടറുകള്‍ തുറക്കുന്നതും അനുവദനീയമല്ല. വ്യക്തികള്‍ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എന്നിവരെ ചുമതലപ്പെടുത്തി.

 

എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) : അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍ : 9446 529 467, 9447 013 046, 0471 2 329 539, 2 327 707.

 

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029

അപേക്ഷ ക്ഷണിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2022 സെഷന്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓഫ് ലൈനായി സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848.

വിപണന പ്രദര്‍ശന മേളയ്ക്ക് തുടക്കമായി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണന പ്രദര്‍ശന മേള താഴെ വെട്ടിപ്പുറത്തുള്ള ശബരിമല ഇടത്താവളത്തില്‍ ആരംഭിച്ചു. ഭക്ഷ്യ ഗാര്‍ഹിക കരകൗശല ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കിയിട്ടുളളത്. രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.
നഗരസഭാ കൗണ്‍സിലര്‍മാരായ വി.ആര്‍ ജോണ്‍സണും നീനു മോഹനും ചേര്‍ന്ന് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ ബി. രതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്എസ്‌ഐഎ കോന്നി താലൂക്ക് കമ്മിറ്റി അംഗം അനീഷ് കെ. ഗോപാലന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കുകയും പത്തനംതിട്ട നഗരസഭാ വ്യവസായ വികസന ഓഫീസര്‍ ജാനിഷ എസ്. മുഹമ്മദ് ഏറ്റുവാങ്ങുകയും ചെയ്തു.

ഗ്രാമസഭ ഈ മാസം 13 മുതല്‍ 17 വരെ
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭ 2022 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

error: Content is protected !!