Input your search keywords and press Enter.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാരവും നിരോധിച്ചു

 

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഏഴുവരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലുമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധനം. കോവിഡ് 19, ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ സെപ്റ്റംബര്‍ ആറിന് അതിതീവ്ര മഴയ്ക്കുള്ള(റെഡ് അലര്‍ട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ സുരക്ഷ മുന്‍നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം.

 

ജാഗ്രതാ നിര്‍ദേശം

കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ ആറ്) അതിതീവ്ര മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പും നാളെ(സെപ്റ്റംബര്‍ 7) ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്.
ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീര്‍ഥാടകര്‍ സുരക്ഷ മുന്‍നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

error: Content is protected !!