പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ ചാര്‍ളി ചാക്കോയെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഡോക്ടര്‍ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്.
അനിത എന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന് ഡേറ്റ് നല്‍കുന്നതിന് അനിതയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നല്കാന് കഴിയാത്തതിനാല്‍ നിരവധി തവണ ഡോക്ടര്‍ ഓപ്പറേഷന് മാറ്റിവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് 2000 രൂപ ഡോക്ടര്‍ക്ക് നല്കിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷന് തീയതി നല്‍കിയത്. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന് ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്കി.
പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെയും വിവരങ്ങള്‍ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കി നല്‍കിയും പരാതി പിന്‍വലിപ്പിച്ചും കേസില്‍നിന്ന് രക്ഷപെടാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു. അനിതയുടെ കുടുംബവും പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വകുപ്പുതല അന്വേഷണ നടപടികള്‍ നീണ്ടു പോവുകയും ഡോക്ടര്‍ ഓഗസ്റ്റ് മാസം പതിനാലാം തീയതി ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. തിരികെ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതും രോഗികളോട് മോശമായി പെരുമാറുകയുമാണ് ഉണ്ടായത്. ഈ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച എംഎല്‍എയോട് രോഗികള്‍ അറിയിച്ചു. ഇതേ തുടര്‍ന്നു പ്രമോദ് നാരായണന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെയും ഫോണിലൂടെ നേരിട്ട് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചൊവ്വാഴ്ച സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്.
റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായി നിലപാട് സ്വീകരിക്കുമെന്നും ഇത്തരം പ്രവണതകള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അഡ്വ. പ്രമോദ് നാരായണന് എംഎല്‍എ പറഞ്ഞു.