Input your search keywords and press Enter.

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ വിലയിരുത്തും

ജലജീവന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തന പുരോഗതി 15 ദിവസത്തിലൊരിക്കല്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശം. ജില്ലയിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥിന്റെയും മിഷന്‍ ഡയറക്ടര്‍ (എംഡി) എസ്. വെങ്കിടേശ്വരപതിയുടേയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവര്‍ത്തങ്ങള്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിലയിരുത്തി.
എല്ലാ ഡിവിഷനുകളും ആഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തന വിലയിരുത്തലുകള്‍ നടത്തണമെന്ന് മിഷന്‍ ഡയറക്ടര്‍ പറഞ്ഞു. ജലജീവന്‍ പദ്ധതി നടത്തിപ്പിനായി  പരമാവധി സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കണം. ഇതുവരെ 85 ശതമാനം സര്‍ക്കാര്‍ ഭൂമി ലഭിച്ചു. എന്നാല്‍, സ്വകാര്യ ഭൂമി 18 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ. ജീവനക്കാരുടെ കുറവ് ഉണ്ടെങ്കില്‍ നികത്താനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്നും  ഉദ്യോഗസ്ഥര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ മിഷന്‍ ഡയറക്ടര്‍ പറഞ്ഞു. അടുത്ത മാസം 15ന് മുമ്പായി ജലജീവന്‍ പദ്ധതിയുടെ സാങ്കേതികാനുമതി നല്‍കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് മിഷന്‍ ഡയറക്ടര്‍ നല്‍കി. ഭൂമി ഏറെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ മാസം അവസാനത്തോടെ പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ യോഗത്തില്‍ പറഞ്ഞു.
എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പദ്ധതിയുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!