Input your search keywords and press Enter.

കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നടപ്പാലങ്ങള്‍ നിര്‍മിക്കും

മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഒറ്റപ്പെട്ടു പോകുന്ന ആദിവാസി കോളനികളായ കുരുമ്പന്‍മൂഴിയിലും അറയാഞ്ഞിലിമണ്ണിലും നദിക്ക് കുറുകെ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കുന്നതിന് വിദഗ്ധ സംഘം എത്തിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ഈ പ്രദേശങ്ങളില ജനങ്ങള്‍ നിരന്തരം ഒറ്റപ്പെട്ടുപോകുന്ന വിഷയം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പട്ടികജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തതിനെ തുടര്‍ന്നാണ് നടപടി. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് എസ്റ്റിമേറ്റുകള്‍ എടുത്തിരിക്കുന്നത്.

മൂന്നുവശവും ശബരിമല വനത്താലും ഒരു വശം പമ്പാ നദിയാലും ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനികളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലി മണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍മൂഴിയും.

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇവിടങ്ങളിലേക്കുള്ള യാത്രാ മാര്‍ഗമായ കോസ്‌വേകള്‍ മൂടുകയും പിന്നീട് ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോവുകയും ചെയ്യും. അടിയന്തിരമായി വൈദ്യസഹായം പോലും എത്തിച്ച് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് പിന്നീട്. വര്‍ഷത്തില്‍ നിരവധി തവണ ദിവസങ്ങളോളം ഇത്തരത്തില്‍ കോസ്‌വേകള്‍ മുങ്ങി കിടക്കാറുണ്ട്. ഇവിടങ്ങളില്‍ കോസ് വേക്ക് പകരം പാലം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

പാലങ്ങള്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ എംഎല്‍എ മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് ഇനിയും കാലതാമസം നേരിടും. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളിലേക്കും പമ്പാ നദിക്ക് കുറുകെ ഇപ്പോള്‍ നടപ്പാലങ്ങള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

error: Content is protected !!