Input your search keywords and press Enter.

കാറിൽ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

 

തിരുവല്ല കവിയൂര്‍ കണിയാംപറ റോഡിൽ ഇലവിനാൽ ജംഗ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വർഷം ഡിസംബർ 18 ന് കാറിൽ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ.

കേസിൽ രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോന്‍ (38 )ആണ് അറസ്റ്റിലായത്. വെളുപ്പിന് 5.40 ന്, പോലീസ് പരിശോധനയ്ക്കിടെ വന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയശേഷം, കുറച്ചുമാറി ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോകുകയായിരുന്നു. കാർ ഓടിച്ചിരുന്ന കണിയാംപാറ കവിയൂര്‍ സ്വദേശി ലൂക്കൻ എന്ന്
വിളിക്കുന്ന ലിബിനെ 27 ന് അറസ്റ്റ് ചെയ്തിരുന്നു.

ഒളിവില്‍ പോയ രണ്ടാം പ്രതി സിജോമോനെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഊർജ്ജിത ശ്രമം നടന്നുവരവേ, ആലുംതുരുത്തി കഴുപ്പിൽ കോളനിയിൽ നിന്നും ഇന്നലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് സിജോമോൻ കുടുങ്ങിയത്.

വാഹനം സെൻട്രൽ ലോക്ക് ചെയ്തിട്ടാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. സംശയം തോന്നിയ പോലീസ് സംഘം, കാർ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറിന്റെ ഉടമ  തൃക്കൊടിത്താനം സ്വദേശി അഷ്‌റഫ്‌ എന്നയാൾ ആണെന്ന് തിരിച്ചറിഞ്ഞ്, ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാർ ലിബിനും സിജോയും കൂടി കൊണ്ടുപോയതാണെന്ന് അറിയിച്ചു.

ഡ്യൂപ്ലിക്കേറ്റ് താക്കോലുമായെത്താൻ പോലീസ് ആവശ്യപ്പെട്ടതുപ്രകാരം ഉടമ താക്കോൽ എത്തിച്ചു, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ബന്തവസ്സിലെടുത്ത കാർ വിശദമായ പരിശോധനക്കായി ആന്റി ഡ്രഗ് പരിശോധനയിൽ വിദഗ്ദ്ധ പരിശീലനം
നേടിയ റാംബോ നായയുടെ സേവനം തേടി. അന്ന് വൈകിട്ട് തന്നെ നായയെ കൊണ്ട്, തിരുവല്ല എക്സൈസ് ഇൻസ്‌പെക്ടർ നൗഷാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനൂപ്
എന്നിവരുടെയും സാന്നിധ്യത്തിൽ പരിശോധിപ്പിച്ചപ്പോൾ ഡോറുകളുടെ ഉള്ളിൽ നിന്നും പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവല്ല എസ് ഐ മാരായ അനീഷ് എബ്രഹാം, രാജൻ കെ, സി പി ഓ പ്രവീൺ, എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം എന്നിവരുടെ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്.

error: Content is protected !!