പത്തനംതിട്ട : മുൻവിരോധത്താൽ വടിവാൾ കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റാന്നി പോലീസ് പിടികൂടി. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ ഇടിക്കുള കെ പുന്നൂസിന്റെ മകൻ പ്രിൻസ് കെ ജെ (33)യെയാണ് ഇന്നലെ വൈകിട്ട് വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്.
ചേത്തക്കൽ നടമംഗലത്ത് വേണുഗോപാലൻ നായരുടെ മകൻ അരവിന്ദ് വി നായർ (28) ആണ്
ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമാണ്.
ഞായർ വൈകിട്ട് 6 മണിക്ക് റാന്നി ഗേറ്റ് ബാറിന്റെ മുൻവശം പാർക്കിങ് ഏരിയയിൽ വച്ച് പ്രിൻസ്, നേരത്തെയുള്ള വിരോധം കാരണം അരവിന്ദിനെ അസഭ്യം വിളിച്ചിരുന്നു. ഇതിന് പകരം ചോദിക്കാൻ പ്രിൻസിന്റെ വീട്ടിലേക്ക് ഇന്നലെ വെളുപ്പിന് ഒന്നരയോടെ തന്റെ കാറിൽ ബന്ധുവായ മനുമോഹനുമായി റാന്നിയിൽ നിന്നും പോകുമ്പോൾ, പ്രതി സ്കൂട്ടറിലെത്തി കാറിനു മുന്നിൽ കയറി കാർ തടയുകയായിരുന്നു.
പൊടിപ്പാറ സ്കൂളിന് താഴെ വച്ചായിരുന്നു സംഭവം. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ഉടനെ
കയ്യിലിരുന്ന വടിവാൾ കൊണ്ട് അരവിന്ദിന്റെ തലയ്ക്കു നേരേ പ്രതി വെട്ടി, ഇടത് പുരികത്തിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. രണ്ടുവെട്ടുകൾ ഏറ്റ അരവിന്ദ് റോഡിൽ വീണു. കമഴ്ന്നുവീണ യുവാവിന്റെ തലയ്ക്കുപിന്നിൽ പ്രതി നാലുതവണ വെട്ടി, തുടർന്ന്
വലതുകൈ മുട്ടുഭാഗത്തും വെട്ടി മാരകമായി പരിക്കേൽപ്പിച്ചു. പിന്നീട്, കല്ലെടുത്ത് ഇടതുകൈ മുട്ടിനു മുകൾഭാഗത്തും, കൈയുടെ മസിൽ ഭാഗത്തും, രണ്ട് തോൾ പലകകളിലും നെഞ്ചിലും വയറിലുമായി ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ, കാറിന്റെ മുൻവശം ഗ്ലാസ്സ്
ഇടിച്ചുപൊട്ടിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരവിന്ദിനെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെയെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന്, ഇന്നലെ തന്നെ പ്രതിയെ വീടിനു സമീപത്തുനിന്നും പിടികൂടി. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എ എസ് ഐ മനോജ്, സി
പി ഓമാരായ അജാസ്, സലാം, സോജു, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഉള്ളത്.