Input your search keywords and press Enter.

സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നു

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30-ലധികം പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു.

യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചർച്ചയിൽ ബിസിനസ്സ് പ്രമുഖർക്ക് പുറമേ, നാസ പ്രതിനിധികൾ, അമേരിക്കൻ ചിന്തകർ, ഫെഡറൽ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

ഭൗമ നിരീക്ഷണത്തിനായി NISAR [നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ] എന്ന പേരിൽ ഒരു സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു.

ചന്ദ്രയാൻ-1, മാർസ് ഓർബിറ്റർ മിഷൻ (എംഒഎം), ചന്ദ്രയാൻ-2 തുടങ്ങിയ ദൗത്യങ്ങളിൽ ഐഎസ്ആർഒയ്ക്ക് നാസയിൽ നിന്ന് ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് ആന്റിന പിന്തുണ ലഭിക്കുന്നുണ്ടെന്നും ഈ പിന്തുണ ചന്ദ്രയാൻ-3 ദൗത്യത്തിനും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ബഹിരാകാശ പരിഷ്‌കാരങ്ങൾ കണക്കിലെടുത്ത്, ബഹിരാകാശ സംവിധാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണം, വികസനം എന്നിവയ്ക്കായി സംയുക്തമായി സ്വകാര്യ മേഖലകളുമായി യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഭൂമിയുടെ നിരീക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവരങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യവും ഉപഗ്രഹ ഡാറ്റയും ഉപയോഗിക്കുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.

അറബിക്കടലിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇന്ത്യയിലെയും യുഎസിലെയും ശാസ്ത്രസംഘങ്ങൾ ചേർന്ന് ‘EKAMSAT’ എന്ന ഇന്ത്യ-യുഎസ്എ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നും, അറബിക്കടലിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഗവേഷണ കപ്പലുകൾ ഉപയോഗിച്ച് സംയുക്ത ശാസ്ത്ര സഹകരണത്തിൽ ഏർപ്പെടുമെന്നും മന്ത്രി പറഞ്ഞു. മൺസൂൺ, ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ കൂടുതൽ കൃത്യമായ പ്രവചനത്തിന് ഇത് സഹായിക്കും.പ്രധാനപ്പെട്ട രോഗങ്ങൾ മനസ്സിലാക്കുന്നതിനും പുതിയ ചികിത്സാ, രോഗനിർണയ സംവിധാനങ്ങളും വാക്സിനുകളും വികസിപ്പിക്കുന്നതിനുമായി നിരവധി പരിപാടികളിൽ ഇരു രാജ്യങ്ങളിലെയും ശാസ്ത്ര സമൂഹവും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.

error: Content is protected !!