കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് അതുമ്പുകുളം ഞള്ളൂർ – എലിമുള്ളുംപ്ലാക്കൽ വനമേഖലയിൽ വെളിച്ചം എത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിൽ 2020 – 21 വാർഷിക പദ്ധതിയിൽ ഊർജ്ജ മേഖലയിൽ ലഭിച്ച തുകയിൽ 2 ലക്ഷം രൂപ വകയിരുത്തി പ്രദേശത്ത് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായി വൈദ്യുതി ലൈൻ നീട്ടുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വൈദ്യുതി വകുപ്പ് സമയബന്ധിതമായി വൈദ്യുതി ലൈൻ നീട്ടുന്ന നടപടികൾ നടത്തുകയും ചെയ്തു.
2021 – 22 വാർഷിക പദ്ധതിയിൽ കോന്നി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം ഒന്നര കിലോമീറ്റർ ദൂരം 50 പോസ്റ്റുകളിലായി ബർബുകൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കി.
വന്യമൃഗങ്ങളുടെ സ്ഥിരം സാന്നിദ്ധ്യമുള്ള വന മേഖലയിൽ പ്രദേശവാസികളും രാത്രിയാത്രികരും രാത്രികാലങ്ങളിൽഏറെ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും രാത്രിയാത്രികർ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടിരുന്നത്.
എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് വരെയുള്ള പ്രദേശത്ത് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതി വൈദ്യുതീകരണം പൂർത്തീകരിച്ചിരുന്നു. നിലവിൽ ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെ വൈദ്യുതീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആണ് മുൻ കൈയെടുത്തത്.
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭ മുരളി, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അംഗം ഷാജി കാവനാൽ, ഗ്രാമ പഞ്ചായത്ത് അംഗം രഞ്ചു .ആർ വനം വകുപ്പ് ഉദ്യോഗസ്ഥരായ ജിജോ, സി.അനൂപ്, ലതീഷ് കുമാർ, അനു .സി, മോനിഷ് മാത്യു, മാത്തുക്കുട്ടി, മണിയൻ, ബിജോ ജോൺസൻ, ജോളി വലിയകാലായിൽ, ഉമ്മൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.