പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ നിന്ന് 170 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടക്കുന്നത്.
ആദ്യം നടന്ന എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
ഏഴ് സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം സ്ഥലങ്ങളിലായി രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച റെയ്ഡില്‍ നിന്ന് 170 പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തു.
എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തതും അവരെ തീഹാര്‍ ജയിലില്‍ അടച്ചതും പിഎഫ്ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാല്‍ രാജ്യത്തിന്‍റെ പൊതുസമാധാനം തകര്‍ക്കുന്നതിനായി അക്രമസംഭവങ്ങള്‍ ഇവര്‍ ആസുത്രണം ചെയ്തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യയെ യുഎപിഎ പ്രകാരം നിരോധിക്കുവാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി.1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക എന്നും അറിയുന്നു