Input your search keywords and press Enter.

ലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം.
കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ടിരുന്നയിടത്ത് നിന്നും യാത്ര ചെയ്യാനുള്ള താല്‍പര്യത്തിലേക്കാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് സംസ്ഥാനത്തെ ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു.
പുതിയ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ്
ടൂറിസം എന്ന സംസ്‌കാരം രൂപം കൊണ്ടത്. ഇന്ന് സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന നിലയിലേക്ക് ടൂറിസം എത്തിയിരിക്കുന്നു. ഓരോ യാത്രയും സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നും എംഎല്‍എ പറഞ്ഞു.
റീതിങ്കിംഗ് ടൂറിസം എന്നതായിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി ആറന്മുളയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ പ്രെറ്റി അന്ന ജോണ്‍, എ. നിരഞ്ജന, അദ്വൈത് അനീഷ്, എസ്. ഘനശ്യാം എന്നിവര്‍ വിജയികളായി. പെരുന്തേനരുവിയില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മാര്‍ക്രിസോസ്റ്റം കോളജിലെ ലിനു രാജന്‍, വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ മെറിന്‍ എം റെജി, എസ്. നന്ദന എന്നിവര്‍ സമ്മാനര്‍ഹരായി. വെച്ചൂച്ചിറ പഞ്ചായത്ത് അംഗം സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, വെച്ചൂച്ചിറ പഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!