പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ: അടച്ചു പൂട്ടാന്‍ അനിമല്‍ വെല്‍ഫയര്‍ ഓഫീസറുടെ നിര്‍ദേശം: നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : വിവാദമായ കോന്നി കൊക്കാത്തോട്ടിലെ വ്യക്തിയുടെ തെരുവുനായ സംരക്ഷണ കേന്ദ്രം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെ: പട്ടി സ്‌നേഹത്തിന്റെ മറവില്‍ അജാസ് പത്തനംതിട്ട കച്ചവടവും അനധികൃത പിരിവും നടത്തുന്നുവെന്ന ആരോപണവുമായി മൃഗസ്‌നേഹികള്‍
പത്തനംതിട്ട: കോന്നി കൊക്കാത്തോട്ടില്‍ വ്യക്തി നടത്തുന്ന നായ സംരക്ഷണം കേന്ദ്രം സംബന്ധിച്ച് ദൂരുഹത വര്‍ധിക്കുന്നു. അലഞ്ഞു നടക്കുന്നതും അസുഖം ബാധിച്ചതുമായ തെരുവുനായകള്‍, ബ്രീഡിങിന് ശേഷം തെരുവില്‍ ഉപേക്ഷിക്കാതെ വളര്‍ത്താന്‍ ഏല്‍പ്പിക്കുന്ന നായകള്‍ എന്നിവയുടെ സംരക്ഷകന്‍ എന്ന പേരില്‍ കേന്ദ്രം നടത്തുന്ന അജാസ് പത്തനംതിട്ടയ്‌ക്കെതിരേ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുറുകുമ്പോള്‍ ഇവിടെ നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
നുറിലധികം നായകളുള്ള ഷെല്‍ട്ടറില്‍ പട്ടിണി കിടന്നും അസുഖം ബാധിച്ചും കഴിഞ്ഞ ദിവസം പതിനെട്ടെണ്ണം കൂട്ടത്തോടെ ചത്തുവെന്ന് ആരോപണം. എന്നാല്‍, അസുഖം ബാധിച്ച ഏഴെണ്ണം മാത്രമാണ് ചത്തത് എന്നാണ് അജാസിന്റെ വിശദീകരണം.
വനമേഖലയായ അരുവാപ്പുലം പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡായ കൊക്കാത്തോട്ടിലാണ് നായ സംരക്ഷണ കേന്ദ്രമുള്ളത്. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയുടെ ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
സംരക്ഷണ കേന്ദ്രം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന വാര്‍ഡ് മെമ്പര്‍ രഘുവിന്റെ അടക്കം പരാതിയിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. ഇതോടെ പട്ടികളെ വഴിയില്‍ തുറന്നു വിടേണ്ടി വരുമെന്നൊരു ഭീഷണിയും നടത്തിപ്പുകാരന്‍ അജാസ് മുഴക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തത്. വിവരം അറിഞ്ഞ ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ആനിമല്‍ വെല്‍ഫയര്‍ ഓഫീസര്‍ സജന ഫ്രാന്‍സിസ് കേന്ദ്രം അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി. നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
പ്രവാസിയായിരുന്ന കോന്നി ഷീജാ മന്‍സിലില്‍ അജാസ് നാട്ടിലെത്തിയതിന് ശേഷമാണ് പട്ടി സംരക്ഷണത്തിലേക്ക് തിരിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ മൃഗസ്‌നേഹിയായി അവതരിക്കുകയായിരുന്നു ഇയാളെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് മുന്‍പ് പട്ടികളെ കൊല്ലണമെന്ന് പറഞ്ഞ് നടന്നിരുന്നയാളായിരുന്നുവത്രേ. തെരുവുപട്ടികളുടെ സംരക്ഷകന്റെ ലേബലില്‍ ഇയാള്‍ വ്യാപക പണപ്പിരിവ് നടത്തി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ ഗുഗിള്‍ പേ നമ്പര്‍ നല്‍കിയായിരുന്നു പിരിവ്. ഇയാളുടെ അനധികൃത പണപ്പിരിവിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
കേന്ദ്രം സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഉള്ളതായി നാട്ടുകാരും പഞ്ചായത്തംഗവും ആരോപിക്കുന്നു. ഇതേപ്പറ്റിഅന്വേഷിക്കാന്‍ ചെന്ന വാര്‍ഡംഗത്തെ ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിച്ചു.
തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവയ്ക്ക് പുറമേ കെനലില്‍ നിന്നുള്ളവയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. നായ സ്‌നേഹികളില്‍ നിന്ന് പണം വാങ്ങിയാണ് സംരക്ഷണം കൊടുക്കുന്നത്. ഇതിനെതിരേ യഥാര്‍ഥ മൃഗസ്‌നേഹികള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അവരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുകയാണ് അജാസ് ചെയ്തതെന്ന് പറയുന്നു. താന്‍ പണം വാങ്ങിയാണ് സേവനം ചെയ്യുന്നതെന്നും അതിന് എതിര്‍പ്പുള്ളവര്‍ എന്താന്ന് വച്ചാല്‍ ചെയ്‌തോളൂവെന്നുമാണ് അജാസ് പറഞ്ഞതത്രേ.
നൂറിലധികം നായ്ക്കളാണ് അജാസിന്റെ സംരക്ഷണ കേന്ദ്രത്തിലുള്ളത്. അതു കാരണം ഒറ്റയടിക്ക് കേന്ദ്രം അടച്ചു പൂട്ടാനും കഴിയാത്ത അവസ്ഥയാണ്. നായ്ക്കളെ തെരുവിലേക്ക് ഇറക്കി വിടാനും പഞ്ചായത്ത് ഭയക്കുന്നു. എന്തായാലും പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇതിനിടെ അജാസിന്റെ പ്രവര്‍ത്തനം രഹസ്യന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുമാണ്.