കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണം പുന:രാരംഭിക്കുന്നു. ആരോഗ്യമന്ത്രിയും ആറന്മുള എം.എൽ.എ യുമായ വീണാ ജോർജിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് റീ ടെൻഡർ ചെയ്ത് നിർമ്മാണം പുന:രാരംഭിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ 20.58 കോടി രൂപയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് ടെൻഡർ ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെൻഡർ തുറന്ന് ബാക്കി നടപടിയിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
നിർദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന് 344 മീറ്ററാണ് നീളം. കോഴഞ്ചേരി വൺവേ റോഡിലെ വണ്ടി പ്പേട്ടയ്ക്കു മുന്നിൽ നിന്നും ആരംഭിച്ച് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡിൽ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും ഘടന. മാരാമണ്‍ കരയില്‍ ആറ് പേരാണ് നിർമ്മാണത്തിനായി സ്ഥലം വിട്ടു നല്‍കിയത്.
സ്ഥിരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 2018 ഡിസംബർ 27ന് നിർമ്മാണം ആരംഭിച്ചു. രണ്ട് സ്പാനിന്റെയും ആർച്ചിന്റെയും കോൺക്രീറ്റ് കഴിഞ്ഞു ആകെ ആവശ്യമായ 5 തൂണുകളും പൂർത്തിയായി. പ്രളയം, ലോക് ഡൗൺ അടക്കമുള്ള കാരണങ്ങളാലാണ് ആറ് മാസം മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പണി നീണ്ടുപോയത്.
കിഫ്ബിക്കാണ് പ്രവൃത്തി നിർമ്മാണ ചുമതല. ആദ്യ കരാറുകാരൻ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കിഫ്ബി ഇവരെ ഒഴിവാക്കുകയും പൂർത്തീകരിക്കേണ്ട പ്രവൃത്തി കെ.ആർ.എഫ്.ബി നൽകിയത് കിഫ്ബി അംഗീകരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് റീ ടെൻഡർ നടപടികളിലേക്ക് പ്രവൃത്തി പോകുന്നത്.