തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും- അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സമയ ബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ തീരുമാനം.
കോന്നി: ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു.
തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡ് 6.76 കോടി രൂപ ചിലവിലാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. തണ്ണിത്തോട് മൂഴിയിൽ നിന്നും നാല് കിലോമീറ്റർ തേക്ക് തോടു വരെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിലും തുടർന്നുള്ള രണ്ടര കിലോമീറ്റർ 2.5 കോടി രൂപ ചിലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമ്മാണ പ്രവർത്തി നടത്തുന്നത്.
പൊതുമരാമത്ത് അധീനതയിലുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് ഒരാഴ്ച മുമ്പ് ടാറിങ് ആരംഭിച്ചത്. ടാറിങ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്നും റോഡിന്റെ ഗുണനിലവാരം സംബന്ധിച്ച് ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എംഎൽഎ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ആദ്യ ലെയർ ടാറിങ് തണ്ണിത്തോട് മൂഴി വരെ പൂർത്തീകരിച്ചതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം ലെയർ ടാറിങ്ങും പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുട്ടപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗം കെ ജെ ജയിംസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബിനു, അസിസ്റ്റന്റ് എൻജിനീയർ രൂപക്ക് ജോൺ എന്നിവർ പങ്കെടുത്തു