പത്തനംതിട്ട : തന്റെ ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു വിട്ടത്, ബന്ധുക്കൾ ചോദിക്കാൻ പോയതിലുള്ള വിരോധത്താൽ, യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദ്ദിച്ച പ്രതി അറസ്റ്റിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോ പടി താന്നിമൂട്ടിൽ ടി ടി തങ്കപ്പന്റെ മകൻ ദീപു ടി ടി (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്ച്ച മുമ്പ് കോഴഞ്ചേരി ബാറിൽവച്ച്, തൊട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ അടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഹരിദാസിന്റെ വീട്ടിലെത്തിയ അജിത്തിനെയും ബന്ധുക്കളെയും ദീപുവും ഹരിദാസും ചേർന്ന് അപമാനിച്ച് ഇറക്കിവിട്ടു.
തുടർന്ന് അജിത്തിന്റെ ഭാര്യ വിനീതയുടെ ബന്ധുക്കൾ, ദീപു ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചോദിക്കാനെത്തി. ഇതിലെ വിരോധം കാരണം, വെള്ളി വൈകിട്ട് 6.15 മണിയോടെ വീട്ടിൽ അതിക്രമിച്ചകയറി യുവതിയെയും ഭർത്താവിനെയും പ്രതി ദീപു മർദ്ദിക്കുകയായിരുന്നു. ഭർത്താവിനെ തള്ളിത്താഴെയിടുന്നതുകണ്ട വിനീതയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചു പുറത്താക്കിയശേഷം, മുറ്റത്തിട്ട് മർദ്ദിക്കുകയായിരുന്നു. കൈപിടിച്ച് തിരിച്ച പ്രതി, യുവതിയുടെ പുറത്തും തലയിലും ഇടിക്കുകയും, കഴുത്തിൽ അമർത്തിപ്പിടിക്കുകയും, വയറിൽ തൊഴിക്കുകയും ചെയ്തു, ഇതിനിടെ ധരിച്ചിരുന്ന
നൈറ്റി കീറുകയും ചെയ്തു. പിറ്റേന്ന്, സ്റ്റേഷനിലെത്തി വിവരം പറഞ്ഞ വിനീതയുടെ വിശദമായ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി, തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ വൈകിട്ടോടെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തു, സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സി പി ഓമാരായ അഭിലാഷ്, അരുൺ, സാജൻ എന്നിവരാണുള്ളത്.