Input your search keywords and press Enter.

മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനകണ്ണി പത്തനംതിട്ടയില്‍ പിടിയില്‍

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ അന്വേഷണസംഘത്തിന്റെ വലയിൽ കുരുങ്ങിയ യുവാവ്, എം ഡി എം എ വില്പനസംഘത്തിലെ പ്രധാനകണ്ണി. ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇന്നലെ അടൂർ പറക്കോട് നിന്നും പിടിയിലായ മുണ്ടപ്പള്ളി പാറക്കൂട്ടം ഷാഫി മൻസിലിൽ മുഹമ്മദ്‌ റിയാസ് (26). നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ലഹരി വില്പനസംഘം കളം മാറ്റുന്നെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം, ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തെതുടർന്ന് ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എം ഡി എം എ യുടെ ചെറുകിട കച്ചവടക്കാരായ മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, ജില്ലയിലെ മൊത്ത വിതരണക്കാരനെന്ന് കരുതുന്ന മുഹമ്മദ്‌ റിയാസിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത 6 ഗ്രാം ഉൾപ്പെടെ നാല് പ്രതികളിൽ നിന്നുമായി ആകെ 9 ഗ്രാമിലധികം എം ഡി എം എയാണ് കണ്ടെത്തിയത്. ഇയാൾ പറക്കോട്ട് ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, അവിടെ 12 മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള അടൂർ പോലീസും ചേർന്ന് വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു. പിതൃസഹോദരന്റെ പറക്കോട്ടുള്ള വീട്ടിൽ നിന്നാണ് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റിയാസിനെ കസ്റ്റഡിയിലെടുത്തത്.

സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയശേഷം, വീട് വളഞ്ഞു പിടികൂടുകയായിരുന്നു. എംഡിഎംഎ അടിവസ്ത്രത്തിൽ പൊതിഞ്ഞ് അടുത്ത പുരയിടത്തിലേക്ക് എറിയാനും നശിപ്പിക്കാനും പ്രതി ശ്രമിച്ചുവെങ്കിലും, പോലീസിന്റെ ചടുല നീക്കം മൂലം സാധിച്ചില്ല. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ചെറുകിട കച്ചവടക്കാരും , മൊത്ത വിതരണക്കാരും, ചെറുപൊതികളായി വാങ്ങുന്നവരുമായ നിരവധി ആളുകളുടെ ഫോൺ സംഭാഷണങ്ങളും, വാട്സ്ആപ്പ് കോൾ സന്ദേശങ്ങളും പോലീസിന് ലഭിച്ചു.

ഈ വീട്ടിൽ പ്രതി ആറുമാസമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. തൊട്ടടുത്ത അയൽവാസികൾക്ക് പോലും ഇങ്ങനെ ഒരു യുവാവ് ഇവിടെ താമസിക്കുന്ന വിവരം അറിയില്ലായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മണിക്കൂറുകളോളം സ്ഥലത്ത് നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലും അതുകൊണ്ടുതന്നെ പോലീസിന് ഇയാളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. വീട്ടിൽ ആളുണ്ടെന്ന് മനസ്സിലാക്കാനും പ്രയാസമായിരുന്നു, കാരണം ഇയാൾ പുറത്തിറങ്ങുന്നത് ലഹരിവസ്തുക്കളുടെ വില്പനയ്ക്ക് വേണ്ടി മാത്രമാണ്.അല്ലാത്ത സമയം വീട്ടിൽ തന്നെ മുറിയിൽ ഒറ്റയ്ക്ക് അടച്ചിരിയ്ക്കുകയാണ് പതിവ്. ബെoഗളുരുവിൽ നിന്നും കൊറിയർ വഴിയാണ് എം ഡി എം എ തുടങ്ങിയ ലഹരിവസ്തുക്കൾ എത്തുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണസംഘത്തോട് സമ്മതിച്ചു. “യോദ്ധാവ്” എന്ന പേരിൽ ജില്ലയിൽ തുടർച്ചയായി നടന്നുവരുന്ന ലഹരിമരുന്നുകൾക്കെതിരായ പരിശോധനകളുടെ ഭാഗമാണ് നടപടിയെന്നും, വരും ദിവസങ്ങളിലും തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.

ജില്ലയിൽ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലാണ് ഡാൻസാഫ് സംഘം വ്യാപകമായ പരിശോധനകൾ തുടരുന്നത്. ലഹരിക്കടത്തും വില്പനയും നടത്തുന്ന സംഘങ്ങൾ കർശന നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാരെ ശക്തമായി അടിച്ചമർത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. സർക്കാരും കേരള പോലീസും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ യോദ്ധാവ് വഴി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഡാൻസാഫ് ടീം അടൂരിൽ കേന്ദ്രീകരിച്ച്, വിവരങ്ങൾ ജനമൈത്രി പോലീസുമായി ചേർന്ന് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ മൊത്ത വിതരണക്കാരനായ പ്രതി വലയിലായത്. ജനമൈത്രിപോലീസുമായി ചേർന്ന് അടൂർ ടൗൺ മുതൽ ഏഴംകുളം വരെ 12 മണിക്കൂറിലധികം നടത്തിയ പരിശോധനയിലാണ് പറക്കോട്ടുള്ള പ്രതിയുടെ താമസ സ്ഥലം കണ്ടെത്തിയത്.

ബിടെക് ബിരുദധാരിയായ റിയാസ് വിദേശത്ത് ജോലി ശരിയായതുപ്രകാരം ഒരാഴ്ച്ചയ്ക്കുള്ളിൽ പോകാനുള്ള നീക്കത്തിലായിരുന്നു. ഒരു ഗ്രാം എം ഡി എം എ 6000 രൂപയ്ക്ക് ലഭ്യമാക്കിയശേഷം, അത് രണ്ട് കവറാക്കി ഇരട്ടിവിലയ്ക്ക് വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ കയ്യിൽ നിന്ന് 6ഗ്രാം എംഡി എം എ ആണ് പിടികൂടിയത്. ഇതിന് വിപണിയിൽ 72,000 ഓളം രൂപ വിലയുണ്ട്. മൂന്നു കൊല്ലമായി സ്ഥിരമായി എംഡി എം എ ഉപയോഗിക്കുന്നുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഇയാൾ വലയിലായതോടെ നിരവധി കൂട്ടാളികളുടെ വിവരങ്ങളാണ് പോലീസിന് ലഭ്യമായത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്, അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ, ഡാൻസാഫ് എസ് ഐ അജി സാമുവേൽ, സിപിഒ മാരായ മിഥുൻ കെ ജോസ്, ബിനു, സുജിത്ത്,അഖിൽ,ശ്രീരാജ്, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ തുടരന്വേഷണംഅടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡി, എസ് ഐമാരായ ധന്യ കെ എസ്, മനീഷ്, സുരേഷ് ബാബു ജി, സിപി ഓ മാരായ രാജ് കുമാർ, അൻസാജു,രാജേഷ് ചെറിയാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നടത്തുക.

error: Content is protected !!