Input your search keywords and press Enter.

കൊല്ലം ജില്ല വർത്തകൾ (12/10/2022)

അതിവേഗ കോടതികള്‍ സ്ഥാപിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമ കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണവകുപ്പ് മന്ത്രി. ജെ.ചിഞ്ചുറാണി. ലോകബാലികാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച മെഗാ എക്സിബിഷനും റോഡ് ഷോയും കൊല്ലം എസ്.എന്‍.വനിതാ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം സംബന്ധിച്ച കേസുകളില്‍ വിചാരണ വൈകുന്നത് പ്രതികള്‍ക്ക് സഹായകമാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതുണ്ട്. പഴുതടച്ച സ്ത്രീ സുരക്ഷനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. എക്സിബിഷന്‍ മീഡിയമായ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. സാക്ഷരതയും തൊഴിലും സ്ത്രീകളുടെ ശക്തി വര്‍ധിപ്പിച്ചെന്നും സ്ത്രീ സുരക്ഷ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ താഴെ തട്ടിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാന്‍ കെ.പി.സജിനാഥ്, എസ്.എന്‍. കോളജ് പ്രിന്‍സിപ്പാള്‍ സുനില്‍കുമാര്‍, റാണി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശാരീരിക – മാനസികാരോഗ്യം സുപ്രധാനം: ജില്ലാ കളക്ടര്‍

വ്യക്തികളുടെ ശാരീരിക – മാനസികാരോഗ്യം സുപ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിവില്‍ സ്റ്റേഷനിലെ റവന്യൂ ജീവനക്കാര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.

ജോലിയുടെ സമ്മര്‍ദ്ദവും മാറിയ ജീവിതരീതിയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തി ശാരീരിക- മാനസികാരോഗ്യം ഉറപ്പാക്കണം. താലൂക്ക്- വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

റവന്യൂ ഡിവിഷണല്‍ ഓഫീസ് സ്റ്റാഫ് കൗണ്‍സിലിന്റെയും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രാവന്‍കൂര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍, രക്തസമര്‍ദം -പ്രമേഹ പരിശോധന, നേത്ര പരിശോധന എന്നീ സേവനങ്ങളാണ് ലഭ്യമാക്കിയത്.

പ്രൊഫ. വി.എന്‍ ദീപാകുമാരി ‘ജീവിതശൈലി രോഗങ്ങള്‍; പ്രതിരോധവും നിയന്ത്രണവും’ വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷനായി.

ലഹരി വിമുക്ത കേരളം – ശില്പശാല നാളെ (ഒക്ടോബര്‍ 14)

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഫാത്തിമ മാതാ നാഷണല്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം ശില്പശാല നാളെ(ഒക്ടോബര്‍ 14) രാവിലെ 11 മണിക്ക് ഫാത്തിമ മാതാ നാഷണല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ് ദിലീപ് കുമാര്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ കാതറിന്‍ മൈക്കിള്‍ അധ്യക്ഷയാകും. മാനേജര്‍ റവ. ഡോ അഭിലാഷ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. റോബര്‍ട്ട് ലഹരി വിമുക്തി സന്ദേശം നല്‍കും. സൈക്കോളജി വകുപ്പ് മേധാവി ഡോ. പി. എസ് അനില്‍ ജോസ് കൃതജ്ഞത രേഖപ്പെടുത്തും. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ‘മാനസികാരോഗ്യവും ലഹരിയുടെ ദൂഷ്യവശങ്ങളും’ വിഷയത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും നടക്കും.

‘ദിശ-2022’; മിനി തൊഴില്‍മേള ഒക്ടോബര്‍ 15 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 ന് രാവിലെ ഒമ്പത് മുതല്‍ ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘ദിശ 2022’- മിനി തൊഴില്‍ മേള നടത്തും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. 20-ല്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി ആയിരത്തോളം ഒഴിവുകളുണ്ട്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, റീറ്റെയില്‍, എഞ്ചിനീയറിങ്, എച്ച്.ആര്‍, ഐ. ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, എജ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍സ് വിഭാഗങ്ങളിലെ തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.

പ്ലസ് ടു, ഐ.ടി.ഐ അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 35 വയസ്സിനകം പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷഫലം കാത്തിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 13 നകം എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

വ്യാവസായികമായി മുട്ടക്കോഴി വളര്‍ത്തുന്നതിന് പരിമിതികളുള്ളതിനാല്‍ അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ പോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ച ഗ്രാമലക്ഷ്മി, ഗ്രാമ ശ്രീ കോഴികള്‍ക്ക് പുറമേ വര്‍ഷത്തില്‍ 300 മുട്ടകളിടുന്ന ബി.വി 380 കോഴികള്‍ എന്നിവ വീട്ടമ്മമാര്‍ക്ക് നല്‍കും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നര മാസം വരെ വളര്‍ത്തി സര്‍ക്കാരിന് നല്‍കുന്ന എഗര്‍ നഴ്സറികള്‍ ആരംഭിക്കാന്‍ സഹായവും നല്‍കും. ഗ്രാമ പഞ്ചായത്ത് പദ്ധതികളും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ പദ്ധതികളും ഇതിനായി ഏകോപിപ്പിക്കും.

മുട്ടക്കോഴികളുടെ ഫാമിംഗ്, പരിപാലനം, കൂട് നിര്‍മ്മാണം, മുട്ട വിപണനം, കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഹാച്ചറികള്‍, വളര്‍ത്തി തിരിച്ചെടുക്കുന്ന ഇന്റഗ്രേഷന്‍ സമ്പ്രദായം, പ്രോജക്ടുകള്‍, സര്‍ക്കാര്‍ സബ്സിഡികള്‍, സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ പരിശീലനം സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.സി.പി.അനന്ത കൃഷ്ണന്‍ അധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍ കുമാര്‍ ക്ലാസുകള്‍ നയിച്ചു. ഡോ.കെ.എസ് സിന്ധു, ഡോ.നീന സോമന്‍ എന്നിവര്‍ സംസാരിച്ചു.

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് ഐ.ടി.സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനായി ജില്ലയിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.ടി.സ്റ്റാഫ് ഒഴിവിലേക്ക് ബിരുദവും കംപ്യൂട്ടര്‍ ഡിപ്ലോമ/ഐ.ടി ആണ് യോഗ്യത. ഡാറ്റ മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ പരിചയം, വെബ് ഡിസൈനിംഗ്/ഡോക്യൂമെന്റേഷന്‍/വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. പ്രായപരിധി 23-45 വയസ്. ഓണറേറിയം 12000 രൂപ.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കുക്ക്/ക്ലീനിംഗ് സ്റ്റാഫ്/ ആശുപത്രി അറ്റന്‍ഡന്റ്/ഹെല്‍പര്‍/പ്യൂണ്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി 25-40 വയസ്. ഓണറേറിയം 8000 രൂപ.

യോഗ്യതയുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 22 ന് വൈകീട്ട് നാലിനകം വനിതാ സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ ഒന്നാം നില, കൊല്ലം 691013 വിലാസത്തില്‍ ലഭ്യമാക്കണം.

മുട്ട കോഴികള്‍ വില്‍പ്പനയ്ക്ക്

ആയൂര്‍ കോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ ഒന്നര വയസിന് മുകളില്‍ പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ കിലോയ്ക്ക് 90 രൂപ നിരക്കില്‍ വിതരണം ചെയ്യും. തലശ്ശേരി നാടന്‍, കരിങ്കോഴി ഇനങ്ങളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളും കോഴിവളവും ലഭ്യമാണ്.

ഫോറന്‍സിക് ഫിനാന്‍സില്‍ ഡിപ്ലോമ പ്രവേശനം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കോമേഴ്സ് അഥവാ അക്കൗണ്ടന്‍സി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാനയോഗ്യത. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫോറവും പ്രോസ്പെക്ടസും വിശദവിവരങ്ങളും തിരുവനന്തപുരത്തെ നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആര്‍.സി ഓഫീസിലും https://srccc.in വെബ്സൈറ്റിലും ലഭിക്കും.

ലഹരിമുക്ത ക്യാമ്പയിനുമായി പൂതക്കുളം കുടുംബശ്രീ

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെയും ബാലസഭയുടെയും നേതൃത്വത്തില്‍ എക്സൈസ് വകുപ്പ് ലഹരിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരിമുക്ത ക്ലാസുകള്‍, സിഗ്‌നേച്ചര്‍ ട്രീ, പ്രതിജ്ഞ, ഘോഷയാത്ര, മാരത്തണ്‍ തുടങ്ങിയവയും അനുബന്ധമായി നടന്നു. ഉദ്ഘാടനം പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിതാ ദാസ് അധ്യക്ഷയായി. എക്സൈസ് ഓഫീസര്‍ റാണി സൗന്ദര്യ ലഹരിമുക്ത ബോധവല്‍കരണ ക്ലാസ് നയിച്ചു. വാര്‍ഡ് അംഗങ്ങളായ പ്രകാശ്, ഷാജി, മനീഷ്, ആയുര്‍വേദ ഡോക്ടര്‍ ശരത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെയുണ്ട് കുട്ടി കാലാവസ്ഥ നിരീക്ഷകര്‍

അനുദിനം മാറുന്ന കാലാവസ്ഥയെ കുറിച്ച് അറിയാന്‍ വെതര്‍ സ്റ്റേഷനുമായി (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം) അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ പ്രഖ്യാപിച്ചതാണ് വെതര്‍ സ്റ്റേഷനുകള്‍. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഭൂമിശാസ്ത്രം മുഖ്യ വിഷയമായ 240 സ്‌കൂള്‍ കേന്ദ്രങ്ങളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. സ്‌കൂളിലെ ജോഗ്രഫി അധ്യാപകന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അന്തരീക്ഷ ഊഷ്മാവ് അളക്കുന്നതിനുള്ള തെര്‍മോമീറ്റര്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, മഴയുടെ തോത് കൃത്യമായി രേഖപ്പെടുത്തുന്നതിന് മഴമാപിനി, കാറ്റിന്റെ വേഗത മനസ്സിലാക്കാന്‍ അനിമോമീറ്റര്‍, കാറ്റിന്റെ ദിശ അറിയാന്‍ വിന്‍ഡ് വെയ്ന്‍ തുടങ്ങിയവയാണ് സ്‌കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഉപകരണങ്ങള്‍.

സൂക്ഷ്മതലത്തില്‍ കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഒരു പ്രത്യേക പ്രദേശത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ പ്യാരി നന്ദിനി പറഞ്ഞു.

കെട്ടിടം വാടകയ്ക്ക് നല്‍കാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്ത്രീകളുടെ സുരക്ഷിത താമസത്തിനായുള്ള ‘വനിതാ മിത്രം’ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി 15000 ചതുരശ്ര അടിയില്‍ കുറയാതെ വലിപ്പവും 60 മുതല്‍ 100 പേരെ വരെ ഉള്‍പ്പെടുത്താവുന്നതുമായ മുറികള്‍ തിരിച്ചുള്ള കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 15 ദിവസത്തിനകം വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ്, ഗ്രൗണ്ട് ഫ്‌ളോര്‍, കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ്, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ അട്ടക്കുളങ്ങര പി.ഒ തിരുവനന്തപുരം വിലാസത്തില്‍ ബന്ധപ്പെടണം.

പരിശീലകരെ നിയമിക്കുന്നു

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രോജക്ടുകളിലേക്ക് സ്പീച്, ബിഹേവിയര്‍ ആന്‍ഡ് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്( പ്രൊജക്റ്റ് നമ്പര്‍ 146) പരിശീലകരില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 20ന് മുമ്പായി ശിശു വികസന ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

error: Content is protected !!