ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കുന്ന അടപ്പോടു കൂടിയതുമായ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് കിലോഗ്രാമിന് സന്നിധാനത്ത് 700 രൂപയും പമ്പയില്‍ 650 രൂപയുമാണ്. കാറ്റഗറി രണ്ടില്‍ വരുന്ന മറ്റ് എല്ലായിനം സ്റ്റീല്‍ പാത്രങ്ങള്‍ക്കും സന്നിധാനത്ത് കിലോയ്ക്ക് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്.
അലൂമിനിയം കാറ്റഗറി ഒന്നില്‍ വരുന്ന അന്നാ അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 600 രൂപയും പമ്പയില്‍ 550 രൂപയും കാറ്റഗറി രണ്ടില്‍ വരുന്ന മറ്റുള്ള അലൂമിനിയം പാത്രങ്ങള്‍ക്ക് കിലോയ്ക്ക് സന്നിധാനത്ത് 550 രൂപയും പമ്പയില്‍ 500 രൂപയുമാണ്. പിച്ചളയ്ക്ക് കിലോയ്ക്ക് സന്നിധാനത്ത് 1000 രൂപയും പമ്പയില്‍ 950 രൂപയും വില നിശ്ചയിച്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 200 ഗ്രാം വരെ തൂക്കം വരുന്ന എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് കൃത്യത കൂടിയ (ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള) ഇലക്ട്രോണിക്ക് ത്രാസുകള്‍ ഉപയോഗിക്കേണ്ടതാണ്
റെയിന്‍ പദ്ധതി: ആലോചനാ യോഗം നാളെ
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റെയിന്‍ (റാന്നി എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ്) പദ്ധതിയുടെ ആലോചനാ യോഗം നാളെ (13.10.2022) രാവിലെ 11.30ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിലെയും നഗര ഭരണ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിങ് വിഭാഗം, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും തൊഴില്‍ പരിശീലനം നല്‍കുന്നത്. പരിശീലന കാലയളവ് രണ്ടു വര്‍ഷം.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടത്തുന്ന കൂടിക്കാഴ്ച, അതാത് ഗ്രാമസഭകള്‍ ലഭ്യമാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. നിശ്ചിത യോഗ്യതയുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് നിര്‍ദ്ദിഷ്ട ഓഫീസുകളില്‍ പരിശീലനവും സ്റ്റൈപന്റും നല്‍കും.
യോഗ്യത, പ്രതിമാസ സ്റ്റൈപ്പന്‍ഡ് തുക എന്ന ക്രമത്തില്‍ ചുവടെ: ബി എസ് സി നേഴ്സിങ്-10000, നഴ്സിങ് ജനറല്‍-8000, എം.എല്‍.റ്റി/ഫാര്‍മസി/റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍-8000, എന്‍ജിനീയറിങ് (സിവില്‍)-10000, പോളിടെക്നിക് (സിവില്‍)- 8000, ഐടിഐ( സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പെന്റര്‍)7000,അംഗീകൃത തെറാപ്പിസ്റ്റുകള്‍(ഫിസിയോ, സ്പീച്ച്, ആയുര്‍വേദ) 10000,സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ്(ഡിഗ്രി, ഡിഎല്‍ എഡ്, ബി എഡ് )7000.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡെവവപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് ,തോട്ടമണ്‍ പി.ഒ, റാന്നി – 689672 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22.
പൊതുയോഗം നാളെ
പത്തനംതിട്ട നഗരസഭ എക്കോഷോപ്പ് പൊതുയോഗം നാളെ (13.10.2022) രാവിലെ 10ന് പത്തനംതിട്ട കൃഷിഭവനില്‍ നടക്കുമെന്ന് നഗരസഭാ കൃഷിഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
ഫോറന്‍സിക് ഫിനാന്‍സില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കൊമേഴ്സ് /അക്കൗണ്ടന്‍സി ഒരു വിഷയമായി പഠിച്ച ബിരുദമാണ് യോഗ്യത. 18 വയസ് പൂര്‍ത്തിയാവണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോറത്തിനും പ്രൊസ്പെക്ടസിനും ഡയറക്ടര്‍, എസ്.ആര്‍.സി, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന ഓഫീസുമായി ബന്ധപ്പെടുക.
കിറ്റ്സില്‍ സ്പോട്ട് അഡ്മിഷന്‍
കിറ്റ്‌സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍ എഐസിറ്റിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ(ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (13.10.2022) തിരുവനന്തപുരം തൈയ്ക്കാടുളള കിറ്റ്സ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ താലൂക്ക് തലത്തില്‍ (കോഴഞ്ചേരി, കോന്നി) താലൂക്കുകളില്‍ ഉള്‍പ്പെട്ട ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസംഗ/പ്രബന്ധ മത്സരങ്ങള്‍ ഈ മാസം 18ന് രാവിലെ 10 ന് നടത്തും. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ മത്സരം നടത്തുന്നത്. ഒരു സ്ഥാപനത്തില്‍ നിന്നും ഓരോ ഇനത്തിനും രണ്ട് വിദ്യാര്‍ഥികള്‍ വീതം ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം.
ചക്കയില്‍ നിന്നും പാസ്ത പരിശീലനം
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ നാളെ (14.10.22) രാവിലെ 10 മുതല്‍ മൂന്ന് വരെ ചക്കയില്‍ നിന്നുള്ള പാസ്ത നിര്‍മ്മാണത്തില്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8078 572 094 എന്ന നമ്പറില്‍ ഇന്ന് (13.10.22) മൂന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും ആണ് യോഗ്യത.
കുരുമുളക് തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ കുരുമുളക് തൈകള്‍ നാളെ (13.10.22) വിതരണം ചെയ്യും. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതുമായി കൃഷിഭവനില്‍ നിന്ന് വാങ്ങാമെന്നും മണ്ണു പരിശോധനയ്ക്കായി മണ്ണു സാമ്പിള്‍ (500 ഗ്രാം) കൊണ്ടുവരണമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.