കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭകത്വ വികസന സെമിനാര്‍.
പാലക്കാട്: സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, സംരംഭം എങ്ങനെ ആരംഭിക്കാം, വിജയസാധ്യതകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ന്യൂനതകള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ‘സംരംഭകത്വ കാഴ്ചപ്പാടും വ്യക്തിത്വ വികസനവും’ എന്ന വിഷയത്തില്‍ ഹ്യൂമന്‍ എക്‌സലന്‍സ് ട്രെയിനര്‍ വിപിന്‍ ചന്ദ്ര സംസാരിച്ചു. കൂടാതെ സംരംഭകര്‍ക്കായുള്ള വിവിധ ലോണ്‍, പദ്ധതികള്‍, സബ്‌സിഡി, ലൈസന്‍സ് എടുക്കേണ്ടതെങ്ങനെ എന്നിവ സംബന്ധിച്ചും അവബോധം നല്‍കി. തുടര്‍ന്ന് സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍ വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് വിശദീകരണം നടത്തി. സെമിനാറില്‍ സംരംഭകര്‍ ഉള്‍പ്പടെ 80-ഓളം പേര്‍ പങ്കെടുത്തു.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സിദ്ധിഖ് അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ദീപ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പങ്കജാക്ഷന്‍, കോട്ടായി ബ്ലോക്ക് ഡിവിഷന്‍ അംഗം കെ. കുഞ്ഞിലക്ഷ്മി, തേങ്കുറിശ്ശി ബ്ലോക്ക് ഡിവിഷന്‍ അംഗം ലക്ഷ്മിദേവി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ ആര്‍. വിജീഷ് എന്നിവര്‍ സംസാരിച്ചു.