Input your search keywords and press Enter.

അതിദരിദ്രര്‍ക്ക് ഭക്ഷണമൊരുക്കി മാതൃകയുമായി കോഴഞ്ചേരി പഞ്ചായത്ത്

അതിദാരിദ്ര്യ നിര്‍മാജന പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഭക്ഷണ വിതരണം നിര്‍വഹിക്കുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. ഒരു വ്യക്തിയുടെ പ്രാഥമികമായുളള ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാര്‍പ്പിടം. എന്നാല്‍ നമ്മുക്ക് ചുറ്റും ഒരു നേരത്തെ ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്തവര്‍ക്ക് ഭക്ഷണമൊരുക്കണം എന്ന ചിന്തയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അതിദാരിദ്ര്യ നിര്‍മാജന പദ്ധതിയുമായി കോഴഞ്ചേരി പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്. അതിനായി അതിദാരിദ്ര്യ സര്‍വേപ്രകാരം പഞ്ചായത്ത് തലത്തില്‍ കണ്ടെത്തിയ 12 പേര്‍ക്കാണ് പദ്ധതിയിലൂടെ ഭക്ഷണം നല്‍കുന്നത്.

ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ കൂടെ ആരുമില്ലാത്തതു കൊണ്ടോ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവരും മാനസിക പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഉള്ള ഭക്ഷണം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍ വഴിയാണ് വിതരണം നടത്തുന്നത്. വീടുകളില്‍ കഴിയുന്ന രോഗവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കും.

ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് പുറമേ ആവശ്യക്കാര്‍ക്ക് മരുന്ന്, മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്ക് ചികിത്‌സാ സഹായം, ഭവന പുനരുദ്ധാരണം തുടങ്ങിയ ഹ്രസ്വ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നുണ്ട്. അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അതിദാരിദ്ര്യ മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോഴഞ്ചേരി പഞ്ചായത്തില്‍ നടത്തിയ അതിദാരിദ്ര്യസര്‍വേ പ്രകാരം കണ്ടെത്തിയ 26 ഗുണഭോക്താക്കള്‍ക്കായി മൈക്രോ പ്ലാന്‍ പ്രകാരം ഹ്രസ്വ, ദീര്‍ഘകാല പരിപാടികളും തയാറാക്കിയിട്ടുണ്ട്. അതിലാദ്യത്തേതാണ് ഭക്ഷണ വിതരണം.

അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വേണ്ടിയ ഭക്ഷണം, മരുന്ന്, ചികിത്സ, വസ്തു, ഭവനം തുടങ്ങിയവ ഉറപ്പാക്കുന്നതിനായാണ് അതിദാരിദ്ര്യ മൈക്രോ പ്ലാന്‍ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ള മൈക്രോ പ്ലാനുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളാണ് തയാറാക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാണ് കുടുംബങ്ങളെ തിട്ടപ്പെടുത്തുന്നത്. പഞ്ചായത്തില്‍ നിരാംലബരായി ആരും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതിദാരിദ്ര്യസര്‍വേ പ്രകാരം കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് തയാറാക്കിയ മൈക്രോ പ്ലാന്‍ പ്രകാരം ഹ്രസ്വ, ദീര്‍ഘകാല പരിപാടികളും ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് ജിജി വര്‍ഗീസ് അറിയിച്ചു.

error: Content is protected !!