ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലഞ്ഞൂര്‍ കെ.വി.എം.എസ്. ഹാളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കുന്നു.
അമിതമായ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ആസക്തി കാഴ്ച ശക്തിയെ ബാധിക്കാമെന്നും ഇവയുടെ അമിത ഉപയോഗം കുറയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലഞ്ഞൂര്‍ കെ.വി.എം.എസ്. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നേത്ര രോഗങ്ങളെ പ്രതിരോധിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് മുഖ്യ അതിഥിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കാഴ്ച സംബന്ധിച്ച് കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ എത്രയും വേഗം കണ്ടെത്തി പരിഹാരം കാണണം. പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കാഴ്ച പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുളള ശാരീരിക രോഗങ്ങളെ തടയാനുളള ശ്രദ്ധ ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. നേത്രരോഗങ്ങളെപ്പറ്റിയും, പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ഉളള ലഘുലേഖ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. പുഷ്പവല്ലി ഡി.എം.ഒ.യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. രചന ചിദംബരം, ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബെറ്റ്സി ജേക്കബ്, കൂടല്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജയപ്രകാശ്, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സുജ അനില്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, മെമ്പര്‍മാരായ ആശ സജി, സോമന്‍, സി.വി. സുഭാഷിണി, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം. ഷേര്‍ലി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ റ്റി.കെ. അശോക്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന സന്ദേശറാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. പുഷ്പവല്ലി ഫ്ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗ വിദഗ്ധ ഡോ. സി.ജി. അനുലക്ഷ്മി കാഴ്ചദിന ബോധവല്‍ക്കരണം നടത്തി. സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പില്‍ 267 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം, കൂടല്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധനാ യൂണിറ്റ് ക്യാമ്പിന് നേതൃത്വം നല്‍കി.