താല്പര്യപത്രം ക്ഷണിച്ചു
ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ‘പ്രശ്‌നം, പരിഹാരം’ എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ചെയ്യുന്നു.
പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2022 ഒക്ടോബര്‍ 18ന് പകല്‍ മൂന്നു വരെ കോട്ടയം സിവില്‍ സ്റ്റേഷനിലെ മേഖലാ ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിശദവിവരം ഉള്ള നോട്ടീസ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധിക്കാം.
ശബരിമല തീര്‍ഥാടനം: ദേവസ്വം മന്ത്രിയുടെ യോഗം
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 17ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ യോഗം ചേരും. രാവിലെ 11.30ന് ആരംഭിക്കാനിരുന്ന യോഗം രാവിലെ 11 ലേക്ക് മാറ്റുകയായിരുന്നു.
ശബരിമല തീര്‍ഥാടനം: ഗതാഗത മന്ത്രിയുടെ യോഗം 27ന്
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 27ന് രാവിലെ 11ന് പമ്പയിലെ ദേവസ്വം ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.
ശബരിമല തീര്‍ത്ഥാടനം: സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വെബ്‌സൈറ്റ് https://pathanamthitta.nic.in
കേന്ദ്രാവിഷ്‌കൃത മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ 2022-23 വര്‍ഷം (പ്രധാനമന്ത്രി അനുശുചിത്വ ജാതി അഭ്യുദയ യോജന)എന്ന കേന്ദ്രാവിഷ്‌കൃത മത്സ്യകൃഷി പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നുമാത്രം അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ഇന്റന്‍സീവ് ഫാമിംഗ് ഓഫ് ഫ്രഷ് വാട്ടര്‍ ഫിഷസ് – ആര്‍.എ.എസ്. (4000 ലി. കപ്പാസിറ്റി’), പടുതാകുളം (1-2 സെന്റ്) എന്നീ രണ്ട് പദ്ധതികളാണ്. പൂര്‍ണമായും ഈ വായ്പാധിഷ്ഠിതമായ പദ്ധതിക്ക് പരമാവധി 50,000 രൂപ വരെയുള്ള ബാങ്ക് വായ്പയുള്ള ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം തുല്യവിഹിതം സബ്സിഡിയിനത്തില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം.
തീയതി നീട്ടി
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി 18 നും 35നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചിരുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 19 വരെ നീട്ടിയതായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഐ.റ്റി. അസിസ്റ്റന്റ് ഒഴിവ്
റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ള പട്ടികവര്‍ഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത – പ്ലസ് ടു പാസ് , ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും) ഐടിഐ /പോളിടെക്നിക്ക്.
പ്രായപരിധി – 21-35, അഭിലഷണീയം മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെല്‍ എന്നിവയില്‍ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം 15000രൂപ. നിയമന കാലാവധി 2023 മാര്‍ച്ച് 31 വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 17 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
അടൂര്‍ പുതിയകാവില്‍ചിറ വാട്ടര്‍ ടൂറിസത്തിന് രണ്ട് കോടി രൂപ ഭരണാനുമതിയായി: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ നിയോജക മണ്ഡലത്തിലെ പുതിയകാവില്‍ചിറ വാട്ടര്‍ ടൂറിസം പദ്ധതിയ്ക്കായി ടൂറിസം വകുപ്പില്‍ നിന്നും രണ്ട് കോടി അഞ്ച് ലക്ഷം രൂപയുടെ വകുപ്പു തല അംഗീകാരം ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. പുതിയകാവില്‍ചിറ സമുച്ചയത്തിനു ചുറ്റും മതില്‍ നിര്‍മാണം, വാഹന പാര്‍ക്കിംഗ്, സെക്ലിംഗിന് പ്രത്യേകം ട്രാക്ക്, കുട്ടികള്‍ക്ക് പാര്‍ക്ക്, ടോയ്ലെറ്റ്, ബോട്ടിംഗ്, ആംഫി തിയേറ്റര്‍ എന്നിവയാണ് പ്രഥമിക ഘട്ടത്തിലുളളത്. ഒന്നാം ഘട്ട പൂര്‍ത്തീകരണത്തോടെ പുതിയകാവില്‍ചിറ വാട്ടര്‍ ടൂറിസം സമഗ്ര വികസന പദ്ധതിയില്‍ വിഭാവന ചെയ്ത തൂക്കുപാല നിര്‍മാണം, തീമാറ്റിക് കേവ്, ഫ്ളോട്ടിംഗ് ഹൗസ് എന്നിവയുടെ നിര്‍മാണം കൂടി നടപ്പാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
തീയതി നീട്ടി
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ് കഴിഞ്ഞ 30 പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി ടു വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 19 വരെ നീട്ടിയതായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍
പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ. വിവരങ്ങള്‍ക്കായി റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 8281865257, 9526712540.
ലൈഫ് ഗാര്‍ഡുമാര്‍, ടോയ്ലെറ്റ് ക്ലീനേഴ്സ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി 30 ശുചീകരണ തൊഴിലാളികള്‍, കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള അഞ്ച് ലൈഫ്് ഗാര്‍ഡുമാര്‍, എട്ട് ടോയ്ലെറ്റ് ക്ലീനേഴ്സ്, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിന് മുമ്പായി റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
ഗതാഗത നിയന്ത്രണം
പത്തനംതിട്ട അബാന്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബാന്‍ ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്‍ത്തികള്‍ ചെയ്യേണ്ടതിനാല്‍ ഒക്ടോബര്‍ 14 മുതല്‍ ഏഴ് ദിവസത്തേക്ക് അബാന്‍ ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡ് വരെയുളള ഭാഗത്ത് ഗതാഗതം നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കും. എംബിബിഎസ്, റ്റിസിഎംസി യോഗ്യതയുളള 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 25ന് രാവിലെ 11 ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം നേരിട്ട് ഹാജരാകണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഉപതെരഞ്ഞെടുപ്പ്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മാസം ഒന്‍പതിന് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. നാമനിര്‍ദേശ പത്രികകള്‍ ഈമാസം 21 വരെ സ്വീകരിക്കും. 22ന് സൂക്ഷ്മ പരിശോധനയും നവംബര്‍ 10ന് വോട്ടെണ്ണലും നടത്തും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഈമാസം 13 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.