Input your search keywords and press Enter.

ദുരന്തമുണ്ടാകുന്നതിനു മുന്‍പേ അതിജീവനത്തിനും ആഘാതം കുറയ്ക്കുന്നതിനും മുന്നൊരുക്കം നടത്തണം: പത്തനംതിട്ട ജില്ലാ കളക്ടര്‍

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു.

ഒരു ദുരന്തമുണ്ടാകുന്നതിന് ഒരു പടി മുന്നേ അതിനെ നേരിടാനും അതിജീവിക്കാനുമുള്ള തയാറെടുപ്പും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ദുരന്ത ലഘൂകരണ ദിനാചരണം എന്ന പേരില്‍ കുറച്ച് നാള്‍ മുന്‍പ് വരെ ഒരു ദിനാചരണമില്ലായിരുന്നു. മനുഷ്യനിര്‍മിതവും പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ദിനാചരണത്തിന്റേയും ദുരന്തസാക്ഷരതയുടേയും ആവശ്യം. ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിന്റെ ഇരയാകണോ രക്ഷകനാകണോ എന്ന് നാം തീരുമാനിക്കണം. നിസഹായനായി മൂകസാക്ഷ്യം വഹിക്കാതെ ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിശക്തമായി അതിനെ നേരിടാനുള്ള കരുത്താര്‍ജിക്കുകയും ബോധവാന്മാരായിരിക്കുകയും വേണം.

ഇത്തരമൊരു സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുകയാണ് പ്രധാനം എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ദിനാചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ദുരന്തമുണ്ടാകുന്നതിന് മുന്‍പുള്ള ഘട്ടം, ദുരന്തമുണ്ടാകുന്ന ഘട്ടം, ശേഷമുള്ള ഘട്ടം എന്നിങ്ങനെ. ഈ മൂന്ന് ഘട്ടത്തിലും നമുക്ക് ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചെല്ലാം വിദ്യാര്‍ഥികള്‍ ബോധവാന്മാരായിരിക്കണമെന്നും എല്ലാത്തിനുമുപരി ധൈര്യത്തോടെ ആത്മവിശ്വാസത്തോടെയും എന്തിനേയും നേരിടാന്‍ കരുത്തുള്ളവരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കോന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.ഡി. ഷിബു, ആരോഗ്യവകുപ്പ് പ്രതിനിധി അര്‍ച്ചന മുരളി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

കോന്നി ഗ്രാമപഞ്ചായത്തംഗം കെ.ജി. ഉദയകുമാര്‍, അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍ സന്തോഷ് കുമാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സന്തോഷ്, ഹെഡ്മിസ്ട്രസ് ടി.ആര്‍. ശ്രീജ, പിടിഎ പ്രസിഡന്റ് എന്‍. അനില്‍കുമാര്‍, ഡിഎം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എസ്. ഷാഹിര്‍ഖാന്‍, ഹസാഡ് അനലിസ്റ്റ് ജോണ്‍ റിച്ചാഡ്, വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!