പന്തളം തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ വി.പി വിദ്യാധരപണിക്കര്‍ കൃഷിയിടത്തില്‍.
മണ്ണിലിറങ്ങി കൃഷി ചെയ്യാന്‍ പുതുതലമുറയ്ക്ക് പാഠം പകര്‍ന്ന് വി.പി വിദ്യാധരപണിക്കര്‍ കൊയ്‌തെടുത്തത് നൂറുമേനി വിജയം. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് എന്നതിന്റെ ഭാഗമായാണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഇടമാലിയിലെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്ത് വിദ്യാധരപണിക്കര്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചത്. അന്‍പത്തിയാറുകാരനായ വി.പി വിദ്യാധരപണിക്കര്‍ പന്തളം തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമാണ്.
നാടന്‍, ഹൈബ്രിഡ് ഇനങ്ങളിലുള്ള വെണ്ട, വഴുതന, പയര്‍ കൂടാതെ പച്ചമുളക്, പാവല്‍, പടവലം, കോവല്‍, വെള്ളരി, സാലഡ് വെള്ളരി, ചീര, മത്തന്‍, ഉണ്ടമുളക്, തക്കാളി എന്നിവയാണ് നൂറുമേനി വിളവ് സമ്മാനിച്ചത്. പഞ്ചായത്തില്‍ നിന്നും നല്‍കിയ വിത്തുകള്‍ ശേഖരിച്ചാണ് ചെറിയ തോതില്‍ കൃഷിക്ക് തുടക്കം കുറിച്ചത്. യാതൊരു തരത്തിലുള്ള രാസവളങ്ങളും പ്രയോഗിക്കാതെയുള്ള ജൈവരീതിയിലുള്ള വളപ്രയോഗങ്ങളാണ് വിദ്യാധരപണിക്കര്‍ തന്റെ കൃഷിത്തോട്ടത്തില്‍ പ്രയോഗിച്ചത്. മികച്ച രീതിയിലുള്ള വളപ്രയോഗവും പരിപാലനവും തന്നെയാണ് തന്റെ ഈ വിജയത്തിന് കാരണമെന്ന് വിദ്യാധരപണിക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.
തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയുടെ തട്ടുകള്‍ ഇടിയാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം ഇട്ട് ബലപ്പെടുത്തുന്ന രീതിയാണ് കൃഷിയിടത്ത് അവലംബിച്ചിട്ടുളത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മാതൃകാകൃഷിത്തോട്ടം എന്ന നിലയിലേക്ക് ഉയരാന്‍ ഇടമാലിയിലെ വിദ്യാധരപണിക്കരുടെ കൃഷിത്തോട്ടത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യയും മകനും മരുമകളും കൊച്ചുമകളും അടങ്ങിയ വിദ്യാധരപണിക്കരുടെ കുടുംബവും അദ്ദേഹത്തിന് ഏറെ പിന്തുണയാണ് നല്‍കുന്നത്. നാടന്‍ പച്ചക്കറികളുടെ കാര്യം അറിഞ്ഞെത്തുന്ന മറ്റ് പഞ്ചായത്തുകളിലെ ആളുകള്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നിറയെ പച്ചക്കറികളും നല്‍കിയാണ് വിദ്യാധരപണിക്കര്‍ മടക്കി അയക്കുന്നത്.