ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്‍
ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള വ്യാപാരഭവനില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വഹിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം നല്‍കുന്നതിനായി ഒക്‌ടോബര്‍ 16 മുതല്‍ 21 വരെ വിവിധയിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. ഒക്‌ടോബര്‍ 16ന് രാവിലെ 10ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രി, രാവിലെ 10.30ന് പുത്തൂര്‍ എല്‍.പി. സ്‌കൂള്‍, രാവിലെ 10ന് പട്ടാമ്പി കുളത്തിങ്ങല്‍ ടവര്‍, ഒക്‌ടോബര്‍ 19 ന് രാവിലെ 10.30ന് കണ്ണാടി ലുലുമാള്‍, ഒക്‌ടോബര്‍ 20ന് രാവിലെ 11 ന് ഒഴലപ്പതി റോക് ബോണ്ട് ബോര്‍ഡ്‌സ്, ഒക്‌ടോബര്‍ 21 ന് രാവിലെ 9.30ന് എടത്തനാട്ടുകര വ്യാപാരഭവന്‍, രാവിലെ 10 ന് ആലത്തൂര്‍ തില്ലങ്ങാട് സ്റ്റീല്‍ മാക്‌സ്, രാവിലെ 10.30ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാള്‍, രാവിലെ 10.30ന് കഞ്ചിക്കോട് ബ്രോക്കേഡ് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക.
ലഹരി ഉപയോഗം സമൂഹത്തിനുണ്ടാക്കുന്ന വിപത്ത്, അതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ചും ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഷാഫി പറമ്പില്‍ എം.എല്‍.എ വിശദീകരിച്ചു. പരിപാടിയില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ എം.വി. ഷീല അധ്യക്ഷയായി. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം. സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) പി.എസ് അനില്‍ സാം, ഡോ: കെ. നാരായണന്‍കുട്ടി, ടൗണ്‍ നോര്‍ത്ത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശിവകുമാര്‍, ഐ. മുഹമ്മദ് ലത്തീഫ്, ടൗണ്‍ സൗത്ത് ബീറ്റ് ഓഫീസര്‍മാരായ വി.ആര്‍ സുമതി കുട്ടിയമ്മ, കെ. സുധീര്‍, എസ്. റസാഖ് (കെ.എച്ച്.ആര്‍.എ) എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസും നടന്നു.