പാലക്കാട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഒരുക്കുന്ന പൂന്തോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നന്ത്യാര്‍വട്ടചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
പൂന്തോട്ടം ഒരുക്കുന്നത് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി
പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയ്ക്ക് സമീപം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുന്‍വശം ഇനി മുതല്‍ പൂക്കള്‍ നിറഞ്ഞ് വിരിയും. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് ശുചീകരിച്ച് 1250 ചതുരശ്രയടിയില്‍ പൂന്തോട്ടം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നന്ത്യാര്‍വട്ടചെടി നട്ടുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി.
ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് പി.ആര്‍.ഡി ചെറിയൊരു ഭാഗം ഫണ്ട് വിനിയോഗിച്ച്് കൊണ്ട് ഈ പ്രവര്‍ത്തനം ആലോചിച്ചപ്പോള്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അത് ഏറ്റെടുത്ത് നടപ്പാക്കാന്‍ മുന്നോട്ടുവരുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന പ്രവണത പ്രദേശത്ത് നിലനിന്നിരുന്നെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് പൂന്തോട്ട നിര്‍മ്മാണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പൂന്തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കുമെന്നും കണ്ണിനു കുളിര്‍മയേകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ പറഞ്ഞു. ഭാവിയില്‍ വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യുവാനുമുള്ള സൗകര്യം കൂടി പൂന്തോട്ട പരിസരത്ത് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞു വിരിയുന്ന പൂക്കള്‍ കണ്ണിനിമ്പമാണ്…ആനന്ദമാണ്’.. ബോര്‍ഡ് സ്ഥാപിക്കും
മുണ്ടൂര്‍ ഐ.ആര്‍.ടി.സിയാണ് തോട്ടത്തിലെ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുക. അലങ്കാരപുല്ലും ചെടികളും വെച്ചു പിടിപ്പിച്ച് ഫെന്‍സുള്‍പ്പെടെയുളള പൂന്തോട്ടത്തിന്റെ സജ്ജീകരണങ്ങള്‍ ഒരാഴ്ച്ചക്കകം പൂര്‍ത്തിയാക്കിയ ശേഷം ‘നിറഞ്ഞു വിരിയുന്ന പൂക്കള്‍ കണ്ണിനിമ്പമാണ്…ആനന്ദമാണ്’.. എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കും. നാടന്‍ ചെമ്പരത്തികളുടെ ചന്തത്തിനൊപ്പം നിറ കാഴ്ച ഒരുക്കാന്‍ യുജീനിയ, കോളിയസ്, ഹെലിക്കോണിയം, ടോറിനോ, ഗോള്‍ഡന്‍ സൈപ്രസ്, കുറ്റിറോസ്, ക്ലൈമ്പിങ് റോസ് ചെടികളും ഗന്ധമേകാന്‍ മുല്ലയും, നന്ത്യാര്‍വട്ടവും, അലങ്കാരത്തിന് മുളയും, ബോഗന്‍വില്ലയും, ലില്ലിയും, തെച്ചിയും അടങ്ങുന്ന നിരവധി പൂച്ചെടികളാണ് വെച്ചു പിടിപ്പിക്കുക.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ.ബി പ്രിയ, പിരായിരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അഫ്സല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീമ, തങ്കമണി, കലാകണ്ണന്‍, നന്ദിനി, രജനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ബി. ശ്രുതി, , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മുണ്ടൂര്‍ ഐ.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.