കോങ്ങാട് നിയോജക മണ്ഡലത്തിലെ ഒരു ലക്ഷം സംരംഭകത്വ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
പാലക്കാട്: കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ആഗസ്റ്റ്് – സെപ്റ്റംബര്‍ മാസങ്ങളിലായി മണ്ഡലത്തില്‍ നടത്തിയ വായ്പാമേളയില്‍ 40 സംരംഭകര്‍ക്ക് 107.55 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതായും മണ്ഡലത്തില്‍ ഇതുവരെ 472 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതായും ഇതിലൂടെ 17.23 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുകയും 876 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട നിര്‍മാണ യൂണിറ്റുകള്‍, പഞ്ചായത്ത്തലത്തില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ നല്‍കുന്ന ഇ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലും സംരംഭകര്‍ക്ക് കൈതാങ്ങായി ഇന്റേണ്‍സിനെ നിയമിച്ചതായും ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍,ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബെനഡിക്റ്റ് വില്യം ജോണ്‍സ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എന്‍.പി ശ്രീനാഥ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍,വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, സംരംഭകരായ ആളുകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.