Input your search keywords and press Enter.

ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി

ആധാര്‍ ക്യാമ്പ് -ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍

പത്തനംതിട്ട: ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍,ഗവി വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില്‍ ഭക്ഷണം അടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ക്ഷേമ വകുപ്പും അക്ഷയയും കൈകോര്‍ത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡും, ബാങ്ക് അക്കൗണ്ടും ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ആധാര്‍ നമ്പരും, ബാങ്ക് അക്കൗണ്ടുമില്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് ലഭ്യമാകേണ്ട പല സര്‍ക്കാര്‍ സഹായങ്ങളും ഇവരിലെത്താതെ പോകുന്നുണ്ട്.

ക്യാമ്പിലെത്തിയ പലര്‍ക്കും ആധാര്‍ എന്റോള്‍മെന്റ് പുതിയൊരു അനുഭവമായിരുന്നു. ഗവി കോളനിയിലെ ഊരുമൂപ്പന്റെ ഭാര്യ അനിത അടക്കമുള്ളവര്‍ ക്യാമ്പിലെത്തി എന്റോള്‍മെന്റ് നടത്തുകയുണ്ടായി. വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ക്കും ഇത്തവണ ആധാര്‍ എടുക്കാന്‍ കഴിഞ്ഞു എന്നതാണ് ക്യാമ്പിന്റെ മറ്റൊരു പ്രത്യേക. ആധാര്‍ നമ്പറില്ലാതെ കുട്ടികള്‍ക്ക് തുടര്‍ പഠനം ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പ്രത്യേക ക്യാമ്പ് കുട്ടികളുടെ ഭാവിക്ക് തന്നെ ഗുണകരമായി, സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ രാവിലെ ഒമ്പത് മണിയോടെ ക്യാമ്പ് തുടങ്ങി. ജില്ലാ അക്ഷയ പ്രൊജക്ട് മാനേജര്‍ കെ.ധനേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രൈബല്‍ ഓഫീസര്‍ എസ്.എസ്. സുധീര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോ – ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, അക്ഷയ പ്രതിനിധി സജികുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ട്രൈബല്‍ പ്രമോട്ടര്‍ സജിത്ത്, കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള വനപാലകര്‍ തുടങ്ങിയവര്‍ ആവശ്യമായ സഹായങ്ങളൊരുക്കി നല്‍കി.

error: Content is protected !!