പട്ടികജാതി – പട്ടികവര്‍ഗ വികസന ജില്ലാ കമ്മിറ്റി യോഗം
പാലക്കാട്: ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാ കമ്മിറ്റി യോഗം പട്ടികജാതി പട്ടികവര്‍ഗ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ അധ്യക്ഷതയില്‍ നടന്നു. എം.എല്‍.എമാരായ അഡ്വ.കെ ശാന്തകുമാരി, പി.പി സുമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ ആവാസ സംവിധാനം വികസിപ്പിക്കണമെന്നും പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം ഒഴിവാക്കി ഉദ്യോഗസ്ഥ തലത്തില്‍ മേല്‍നോട്ടം ഉണ്ടാവണമെന്നും എം.എല്‍.എമാര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, കഴിഞ്ഞ ജില്ലാതല യോഗത്തില്‍ തീരുമാനിച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും പുനക്രമീകരണവും യോഗം അവലോകനം ചെയ്തു. കോളനികളുടെ സമഗ്ര വികസനം, റോഡുകള്‍, ഡ്രൈയിനേജ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ ത്രിതല പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പിലാക്കാനും തീരുമാനിച്ചു. അട്ടപ്പാടി മേഖലയില്‍ ഹോസ്റ്റല്‍ നവീകരണവും കുടിവെള്ള പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനമായതായും കേന്ദ്ര-സംസ്ഥാന ഫണ്ട് വിനിയോഗം ഉറപ്പ് വരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ പി.കെ സുധാകരന്‍ ,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.സി സുബ്രമണ്യം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.