വികസനം പൊതുജനങ്ങള്‍ അനുഭവിച്ചറിയുന്നു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
സര്‍ക്കാര്‍ നടത്തുന്ന ഓരോ വികസനവും പൊതുജനങ്ങള്‍ അനുഭവിച്ചറിയുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പത്തനാപുരം-അങ്ങാടി റോഡ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
പത്തനാപുരം ജംഗ്ഷന്‍ മുതല്‍ അങ്ങാടി വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാകക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. കരാറുകാരും തൊഴിലാളികളും സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 19 റോഡുകളാണ് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് തിരഞ്ഞെടുത്തത്. 16 എണ്ണം പൂര്‍ത്തീകരിച്ചു. നിര്‍മാണം പുരോഗമിക്കുന്ന റോഡുകള്‍ ഈ മാസം 30 നകം പൂര്‍ത്തിയാകും. നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനായി റോഡുകളെല്ലാം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസങ്ങളിലായി സന്ദര്‍ശനം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വയം തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: എം. മുകേഷ് എം.എല്‍.എ
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പിലാക്കിവരുന്ന വിവിധ സ്വയംതൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തരാകണമെന്ന് എം. മുകേഷ് എം.എല്‍.എ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വയംതൊഴില്‍ വിഭാഗം സംഘടിപ്പിച്ച നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുളള ഏകദിന ശില്പശാലയുടെ ഉദ്ഘാടനം കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നൂതന സംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്വയംതൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗര•ാര്‍, വിവാഹ മോചനം നേടിയ/ ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്ത സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെ തൊഴില്‍വായ്പ്പ പദ്ധതികളായ കെസ്റൂ, മള്‍ട്ടി പര്‍പസ് സര്‍വീസ് സെന്റേഴ്സ്/ ജോബ് ക്ലബ്, ശരണ്യ, കൈവല്യ, നവജീവന്‍ എന്നിവയെ കുറിച്ചുള്ള ശില്പശാല സ്വയം തൊഴില്‍ പദ്ധതികളിലേക്ക് നവ സംരഭകരെ ആകര്‍ഷിക്കുന്നതിനുള്ള വേദിയായി.
കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഹണി ബഞ്ചമിന്‍ അദ്ധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്. ജയശ്രീ, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ റ്റി. സജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ആര്‍. അശോകന്‍, സ്മിതാ എസ്. ദാസ്, എസ്. ഷാജിതാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.
മില്ലറ്റ് പോഷക പ്രദര്‍ശനം ഇന്ന് (ഒക്‌ടോബര്‍ 20)
ആരോഗ്യ ജീവിതത്തിലേക്ക് വഴി തുറക്കാന്‍ ചെറുധാന്യങ്ങള്‍
പോഷക സമൃദ്ധിയുടെ ഗതകാല സമൃദ്ധി വീണ്ടെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അവസരമൊരുക്കുന്നു. പോഷകമൂല്യത്തില്‍ മുന്നിലുള്ള ചെറുധാന്യങ്ങളായ മില്ലറ്റുകളെ പുതുതലമുറയ്ക്കു കൂടി പരിചയപ്പെടുത്തുന്നതിനായി ഉത്പന്ന പ്രദര്‍ശനവും ബോധവത്കരണ ക്ലാസുമാണ് സംഘടിപ്പിക്കുന്നത്.
പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളമായുള്ള മില്ലറ്റുകള്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ കവചമൊരുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവിനും പരിഹാരമാണിവ.
‘സാധാരക്കാരന്റെ പാല്‍’ എന്ന് അറിയപ്പെടുന്ന കൂവരകില്‍ തുടങ്ങി ബാജ്‌റ, റാഗി, ചാമ, തിന, ബാര്‍ലി, ബക്ക് വീറ്റ് തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ അടുത്തറിയാന്‍ പരിപാടി അവസരമൊരുക്കും. ആരോഗ്യമുള്ള സമൂഹത്തിനായാണ് മില്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. അജി വ്യക്തമാക്കി.
ഈറ്റ് റൈറ്റ് കൊല്ലം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, എസ്. എന്‍. വനിതാ കോളേജ് എന്‍.എസ്സ്.എസ്സ് യൂണിറ്റ്, ഹോം സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 20) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ എസ്. എന്‍. വനിതാ കോളേജിലാണ് ബോധവത്ക്കരണ ക്ലാസും, മില്ലറ്റ് ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തുക.
ചിറക്കരയില്‍ മാലിന്യ സംസ്‌കരണം ഇനി ഹൈടെക്
ചിറക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും ഇനി ഹൈ-ടെക്ക്. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്‌കരണം നടത്തുക. പഞ്ചായത്തില്‍ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍പിള്ള പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിച്ചു.
ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കാനും വരിസംഖ്യ അടക്കാനുമൊക്കെ ആപ് വഴി സാധ്യമാകും. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്നീഷ്യ•ാര്‍ക്കുമുള്ള കസ്റ്റമര്‍ ആപ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഹരിതമിത്രം മാലിന്യ സംസ്‌കരണ സംവിധാനം. പരിശീലനം ലഭിച്ച ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മാലിന്യം ശേഖരിക്കുന്നതും ശുചീകരണപുരോഗതിയും വിലയിരുത്തും.
തേവലക്കര ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തൊഴില്‍സൃഷ്ടി ലക്ഷ്യമാക്കി അന്തര്‍ദേശീയ-പ്രാദേശിക തൊഴില്‍സാധ്യതകളെ ഉപയോഗിക്കുന്നതിനും തൊഴില്‍ ആസൂത്രണത്തിനുമായി സൂക്ഷ്മതല ജനകീയ സംവിധാനമായ പഞ്ചായത്ത്തല തൊഴില്‍സഭയ്ക്ക് തുടക്കമിട്ട് തേവലക്കര ഗ്രാമപഞ്ചായത്ത്.
പാവുമ്പ പാരിഷ് ഹാളില്‍ എം.എല്‍.എ സുജിത്ത് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഏജന്‍സികളും പങ്കാളികളാകുന്ന ജനകീയ ഉദ്യമത്തിലൂടെ ഗ്രാമീണ മേഖലയില്‍ യുവതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അധ്യക്ഷയായി. കില റിസോഴ്‌സ് പേഴ്‌സണ്‍ പ•ന മജീദ് വിഷയാവതരണം നടത്തി. പഞ്ചായത്തില്‍ തൊഴില്‍സഭാതല സംഘാടകസമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് രൂപീകരണവും, ചര്‍ച്ചയും, ക്രോഡീകരണവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘സ്വച്ഛതകാദോരംഗ്’ ക്യാമ്പയിന്‍
മാലിന്യ സംസ്‌ക്കരണ ആശയ പ്രചരണത്തിനായി ‘സ്വച്ഛതകാദോരംഗ്’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സര്‍വ്വേക്ഷണ്‍ റാങ്കിങ്ങില്‍ പരിഗണിക്കപ്പെടുന്ന വിവരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഡോര്‍ടുഡോര്‍ കളക്ഷന്‍, പബ്ലിക്ഔട്ട്‌റീച്ച്, സ്‌കൂളുകളുടെയും കുട്ടികളുടെയും പങ്കാളിത്തം എന്നീ തീമുകളായി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ‘ജൈവമാലിന്യം പച്ചയില്‍ അജൈവ മാലിന്യം നീലയില്‍’ ആശയം പ്രചരിപ്പിക്കുന്നതിനായി അവസരം വിനിയോഗിക്കും.
വീടുകള്‍ സന്ദര്‍ശിച്ചു മാലിന്യങ്ങള്‍ നീല-പച്ച ബിന്നുകളില്‍ തരംതിരിക്കുന്നതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തും. ‘ജൈവമാലിന്യം പച്ചയില്‍ അജൈവ മാലിന്യം നീലയില്‍’ സന്ദേശ സ്റ്റിക്കര്‍ കടകളിലും സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡമോണ്‍സ്‌ട്രേഷനോടൊപ്പം സ്ലോഗനുകള്‍ തയാറാക്കും. തരംതിരിക്കല്‍ പ്രതിജ്ഞയുമുണ്ടാകും. ഫോട്ടോകളും വീഡിയോകളും http://sbmurban.org/ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം.
നഗരത്തിലെ ചെറുമത്സരങ്ങള്‍, സ്‌കൂളുകളില്‍ തരംതിരിക്കല്‍ മത്സരങ്ങള്‍, വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെ ഫോട്ടോ എന്നിവ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്-ടാഗോട്കൂടി പോസ്റ്റ് ചെയ്യാം. ടോയ്ക്കത്തോണ്‍-പാഴ്‌വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ വേേു:// http://innovateindia.mygov.in/swachh-toycathon/ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്‌കൂള്‍ കായിക മേള; സ്വാഗത സംഘ രൂപീകരണ യോഗം നാളെ (ഒക്ടോബര്‍ 21)
2022-23 വര്‍ഷത്തെ ജില്ലാ റവന്യൂ സ്‌കൂള്‍ കായികമേള നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം നാളെ (ഒക്ടോബര്‍ 21) വൈകിട്ട് നാല് മണിക്ക് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ചേരും.
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ പോളിമര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ എന്നീ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന് നടത്തും. രാവിലെ 9.30 മുതല്‍ റജിസ്‌ട്രേഷന്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, റ്റി.സി, കോണ്‍ടക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ ഫീസും പി.ടി.എ ഫണ്ടും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org, , ഫോണ്‍ : 04734 231776.
റീ ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 28 ഉച്ചയ്ക്ക് രണ്ട് മണി വരെ സമര്‍പ്പിക്കാം.
എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍ നാളെ (ഒക്‌ടോബര്‍ 21)
കിറ്റ്‌സില്‍ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസില്‍ നാളെ (ഒക്‌ടോബര്‍ 21) രാവിലെ 10ന് ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും, പ്ലെയിസ്‌മെന്റ് സൗകര്യവും നല്‍കുന്നുണ്ട്.
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സ്
കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നീ മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 28. പഠനസമയത്ത് ടെലിവിഷന്‍ ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. യോഗ്യത ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
പരിശീലന കേന്ദ്രം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് -കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം.
സംരംഭക വര്‍ഷം അവലോകന യോഗം
2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശ് വിഷയാവതരണം നടത്തി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍. എസ്. അന്‍ജിത്, ചിറ്റുമല ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി. വീണ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് പരിശീലന കേന്ദ്രത്തില്‍ കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്), ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 27ന് രാവിലെ 10 ന് നടത്തും.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും/രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് അഭിമുഖത്തില്‍ പങ്കെടുക്കാം.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ഡിപ്ലോമ ഇന്‍ കെമിക്കല്‍/പെട്രോകെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിഗും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമോ/ഡിഗ്രി ഇന്‍ കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിഗും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) അഭിമുഖത്തില്‍ പങ്കെടുക്കാം.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍ അഭിമുഖത്തിലും പങ്കെടുക്കാം.
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗങ്ങളുടെ വീടുകളുടെ സമഗ്രവും സുരക്ഷിതവുമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേക്ക് പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ അഞ്ച്.
ആറ് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ, പുനരുദ്ധാരണത്തിനോ, പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപറ്റാത്തവര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. എസ്റ്റിമേറ്റ് ഹാജരാക്കേണ്‍ണ്ട.
മേല്‍ക്കൂര പൂര്‍ത്തീകരണം, ടോയ്‌ലറ്റ് നിര്‍മ്മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ളോറിംഗ്, സമ്പൂര്‍ണ്ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലബിംഗ് എന്നീ നിര്‍മ്മാണ ഘടകങ്ങള്‍ക്കാണ് തുക അനുവദിക്കുക.
അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ബന്ധപ്പെടുക.
സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്‍.ഡി കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2022-23 വര്‍ഷത്തെ വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ടാക്‌സേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. ഫോണ്‍- 8547005066, 9446446334, 9846117532, 0474-2580866.
സോളാര്‍ പവര്‍ പ്ലാന്റ് സൗജന്യ രജിസ്ട്രേഷന്‍
എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും എം.എന്‍.ആര്‍.ഇ-സബ്സിഡി നിരക്കില്‍ സോളാര്‍ പ്ലാന്റുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രത്യേക സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 21,22 തീയതികളില്‍ കളക്ട്രേറ്റ്, താലൂക്ക് ഓഫീസുകളിലും മറ്റ് പ്രധാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായാണ് രജിസ്‌ട്രേഷന്‍.
മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും, മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനവും സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളുമായോ 1912 ട്രോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
കെട്ടിടം വാടകയ്ക്ക് നല്‍കാം
പട്ടികജാതി വികസന വകുപ്പിന്റെ ‘വര്‍ക്കിംഗ് വിമന്‍സ്്’ ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രധാന ഓഫീസ് സമുച്ചയങ്ങള്‍ക്ക് സമീപം 25 മുതല്‍ 50 വരെ അന്തേവാസികള്‍ക്ക് താമസിക്കാന്‍ കഴിയുന്നതും 5000 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വെള്ളം, വൈദ്യുതി, ഗതാഗതസൗകര്യം എന്നിവ ലഭ്യമായിട്ടുള്ള വീട്/കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാടക തുകയും കെട്ടിടം സംബന്ധിച്ച വിവരങ്ങളും അടങ്ങിയ അപേക്ഷ സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
ഡേറ്റാ എന്‍ട്രിഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു
എച്ച്.ആര്‍.ഡി കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒരു ഒഴിവ്. യോഗ്യത: കോ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘമുള്ള ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ടാലി, മലയാളം, കോഹ തുടങ്ങിയ സോഫ്റ്റ്‌വെയറുകളില്‍ ഡേറ്റ എന്‍ട്രി വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ഒക്‌ടോബര്‍ 25ന് രാവിലെ 10 മണിക്ക് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.