സുധാമണിയും ജീവിക്കട്ടെയെന്നു പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍
സുധാമണി തട്ടുകടയുടെ വരുമാന മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാളാണ്. മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സുധാമണി തട്ടുകട നടത്തിവരുന്നത്. സമീപത്ത് താമസിക്കുന്ന വ്യക്തി ഇവരുടെ തട്ടുകട ഇവിടെ നിന്നും നീക്കണമെന്ന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ പരാതി പരിഹാര അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സുധാമണിയുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി കളയണ്ട എന്ന തീരുമാനം ചെയര്‍മാന്‍ ബി.എസ്. മാവോജി അടങ്ങിയ ബെഞ്ച് കൈകൊണ്ടു. കമ്മീഷന്‍ തീരുമാനം സുധാമണിക്ക് വളരെ ആശ്വാസമായി. മെഴുവേലി ഗ്രാമപഞ്ചായത്തും അനുഭാവപൂര്‍വമായ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ സ്വീകരിച്ചത്. സുധാമണിയും ഭര്‍ത്താവും രോഗികളാണ്. അതുകൊണ്ടു തന്നെ മറ്റൊരു ഉപജീവന മാര്‍ഗം കണ്ടുപിടിക്കുക എന്നുള്ളത് ഇവരെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു.
റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ നിന്നും ചേത്തയ്ക്കല്‍ വെമ്പലപ്പറമ്പില്‍ വീട്ടില്‍ വി.ആര്‍. മോഹനന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന 50 വര്‍ഷം പഴക്കമുള്ള പഞ്ചായത്ത് കിണര്‍ ചില വ്യക്തികള്‍ ഇടിച്ച് തകര്‍ത്ത് മൂടിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് അദാലത്തിലെത്തിയത്. പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന എസ്‌സി, എസ്ടി കുടുംബാംഗങ്ങില്‍ ഉള്‍പ്പെട്ടവരാണിവര്‍. എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമുണ്ടെന്നും ഈ സംഭവം ഏറെ ഖേദകരമാണെന്നും വിഷയം പരിഗണിച്ച ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം വിലയിരുത്തി.
ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 22. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരാമാവധി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 75000 രൂപയും, ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 1,50,000 രൂപയും ആയിരിക്കും.
എംബിഎ സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്കുളള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25-ന് ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. കേരള സര്‍വകലാശാലയുടെയും, എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌സി/എസ്റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം.
കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം); സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21ന്
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകലാശാലയുടെ കീഴില്‍ എഐസിറ്റിഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സിന്റെ ഓഫീസില്‍ ഒക്ടോബര്‍ 21ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും, പ്ലെയിസ്മെന്റ് സൗകര്യവും നല്‍കുന്നുണ്ട്.
വാക്-ഇന്‍ ഇന്റര്‍വ്യൂ
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പത്തനംതിട്ട കോളജില്‍ മാത്തമാറ്റിസിന് ഒരു താല്‍ക്കാലിക ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് മുമ്പായി വാക്-ഇന്‍ ഇന്റര്‍വ്യൂവിന് കോളജില്‍ ഹാജരാകണം.
സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും എഐസിടിഇയുടെയും അംഗീകാരത്തോടെ ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി- യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ തുടരുന്നു.
അഡ്മിഷന് താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താക്കളോടൊപ്പം കോളജില്‍ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. എസ് സി/ എസ് റ്റി/ ഒഇസി /ഒബിസി -എച്ച് വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും.
കെല്‍ട്രോണില്‍ മാധ്യമപഠനം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍മീഡിയജേണലിസം, ടെലിവിഷന്‍ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമകോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍പരിശീലനം, പ്ലേസ്മെന്റ്‌റ്സഹായം, ഇന്റേണ്‍ഷിപ്പ്എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് പരിശീലനം. ഒക്ടോബര്‍ 28 വരെ വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍-9544958182. വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കളംബില്‍ഡിംഗ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. സൗജന്യമായി വിമുക്ത ഭടന്‍മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സും നടത്തുന്നു.
അഡ്മിഷന്‍ നേടുന്നതിനായി 9526229998 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
സൗജന്യ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ കറിവേപ്പ്, മുരിങ്ങ, അഗത്തി ചീര എന്നിവയുടെ തൈകള്‍ ഇന്ന് (20) സൗജന്യമായി വിതരണം ചെയ്യുമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍
തിരുവല്ല എം.സി റോഡില്‍ രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 25ന് പകല്‍ മൂന്നു വരെ. വിലാസം : അസി.എക്സി. എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല.
ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും
ജില്ലാ സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 28നും 29 നും നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കും. സിവില്‍ സര്‍വീസ് ടൂര്‍ണമെന്റിന് മികച്ച പ്രചാരണം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എല്ലാ സര്‍വീസ് സംഘടനകളും കൂട്ടായി പ്രചാരണം നടത്തും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിലെ തങ്കച്ചന്‍ പി ജോസഫുമായി ബന്ധപ്പെടാം.
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്‌സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
റോഡുകളുടെ നിര്‍മാണ പുരോഗതി കൃത്യമായി പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്
റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യ സമയങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ – പാടം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
12.47 കി മീ റോഡ് ആണ് കിഫ്ബി വഴി നിര്‍മിക്കുന്നത്. അതില്‍ 10 കിമീ ബി എം ചെയ്തു. ബാക്കി 4.2 കിമീ ബി സി ചെയ്തു. ഫോറസ്റ്റ് വകുപ്പുമായി ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം പരിഹരിച്ചു. ഇനി കെഎസ് ഇ ബിയും കേരള വാട്ടര്‍ അതോറിറ്റിയും യൂട്ടിലിറ്റി ഫില്ലിംഗ് ആണ് പൂര്‍ത്തിയാക്കാന്‍ ഉള്ളത്. ഡിസംബര്‍ 31 ന് മുന്‍പ് ഈ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും സമയ ബന്ധിതമായി നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി സുഗമമായ തീര്‍ത്ഥാടന സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളായ പുനലൂര്‍ – പത്തനാപുരം – മൈലപ്ര റോഡ്, കലഞ്ഞൂര്‍ – പാടം റോഡ്, മണ്ണാറകുളഞ്ഞി- വടശേരിക്കര – പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം – പമ്പ റോഡ്, പ്ലാപ്പള്ളി- ആങ്ങാമുഴി റോഡ് എന്നിവയാണ് ബുധനാഴ്ച മന്ത്രി സന്ദര്‍ശിച്ചത്. റോഡുകളുടെ നിലവിലെ സ്ഥിതി, നവീകരണ പുരോഗതി എന്നിവ അദ്ദേഹം വിലയിരുത്തി.
വ്യാഴാഴ്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കോഴഞ്ചേരി- തിരുവല്ല റോഡ്, പന്തളം- കൈപ്പട്ടൂര്‍ -പത്തനംതിട്ട റോഡ് എന്നിവയും മന്ത്രി സന്ദര്‍ശിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കെ ആര്‍ എഫ് ബി പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലീന്‍ ഡിക്രൂസ്, പി ഡബ്ലൂ ഡി റോഡ്‌സ് ചീഫ് എന്‍ജിനീയര്‍ ലിസി, പി ഡബ്ലൂ ഡി നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ സജി മോള്‍ ജേക്കബ്, പി ഡബ്ലൂ ഡി സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചനീയര്‍ പി.ടി. ജയ, പി ഡബ്ലൂ ഡി കെ എസ് ടി പി കൊട്ടാരക്കര സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു, പി ഡബ്ലൂ ഡി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ബി. വിനു, പി ഡബ്ലൂ ഡി റോഡ്‌സ് മെയിന്റനന്‍സ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെ. സീനത്ത്, പി ഡബ്ലൂ ഡി എന്‍ എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ശ്രീകല, കെ ആര്‍ എഫ് ബി – പി എം യു എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എം. ബിന്ദു എന്നിവര്‍ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
കോന്നി ടൗണിലെ റോഡ് നിര്‍മാണം: കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് മന്ത്രിയുടെ പരസ്യ ശാസന
കോന്നി ടൗണിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവര്‍ത്തികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി സുഗമമായ തീര്‍ത്ഥാടന സൗകര്യം ഒരുക്കുക ലക്ഷ്യമിട്ട് ജില്ലയിലെ പ്രധാന റോഡുകളില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് കോന്നി ടൗണിലെ ശോചനീയാവസ്ഥ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ കോന്നി ടൗണില്‍ കരാര്‍ കമ്പനി ജീവനക്കാരെ വിളിച്ച് വരുത്തി സ്ഥിതി വിലയിരുത്തുകയായിരുന്നു.
ആര്‍ഡിഎസ് സിവിസിസി കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. ആറു മാസമായി കോന്നി ടൗണ്‍ നവീകരണം മുടങ്ങി കിടക്കുകയാണ്. നിരന്തരം പരാതികള്‍ വ്യാപാരികളുടെയും നാട്ടുകാരുടെയും ഭാഗത്തു നിന്ന് ഉയര്‍ന്നിരുന്നു. എംഎല്‍എ നിരന്തരം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ മാസം 24 നു നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരാര്‍ കമ്പനി മന്ത്രിക്ക് ഉറപ്പ് നല്‍കി.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നിയിലെ ഉന്നതനിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഇന്ന്(20)
റാന്നി നിയോജക മണ്ഡലത്തില്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഇന്ന്(20) രാവിലെ 11ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂര്‍ച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക.
റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും.
ടീം വര്‍ക്ക് ഗുണകരമായി മാറി; ശബരിമല റോഡ് നവീകരണത്തില്‍ നേട്ടം കൈവരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തില്‍ മികച്ച നേട്ടം കൈവരിക്കാനായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ റോഡുകളുടെ പരിശോധന ആദ്യ ദിവസം പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും ജനപ്രതിനിധികളും ജില്ലാകളക്ടറും കൂട്ടായി നടത്തിയ പ്രവര്‍ത്തനമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായത്. ടീം വര്‍ക്കാണ്് ഗുണകരമായതെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇടപെട്ടിട്ടുള്ളത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും അനുബന്ധമായ മറ്റു പ്രധാന റോഡുകളും പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരുന്നു. സെപ്റ്റംബര്‍ 23ന് ഈ റോഡുകളുടെ പരിശോധന നടത്തിയിരുന്നു. ഇങ്ങനെ പരിശോധന നടത്തിയപ്പോള്‍ 19 റോഡുകളില്‍ 14 റോഡുകള്‍ പ്രയാസമുള്ള സ്ഥിതിയിലാണെന്ന് കണ്ടെത്തിയിരുന്നു. പ്രയാസങ്ങളില്ലാത്ത അഞ്ചു റോഡുകളാണ് ഉണ്ടായിരുന്നത്. 14 റോഡുകള്‍ സമയം നിശ്ചയിച്ച് ഓരോ പ്രവര്‍ത്തിയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19നും 20നും ഈ റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി ഉള്‍പ്പെടുന്ന ടീമായി നേരിട്ടു വിലയിരുത്താനും തീരുമാനിച്ചിരുന്നു.
നിലവില്‍ 19 റോഡില്‍ മൂന്നു റോഡുകളുടെ കാര്യത്തില്‍ മാത്രമേ ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളു. 16 റോഡുകളും നിശ്ചയിച്ചതുപോലെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇതില്‍ ചെറിയ കുഴപ്പങ്ങള്‍ ഉള്ള റോഡുകള്‍ കെഎസ്ടിപി പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ഈ റോഡുകളുടെ പ്രവര്‍ത്തനത്തിന് സമയം നിശ്ചയിച്ചിട്ടുള്ളതാണ്. പുനലൂര്‍- പത്തനാപുരം റോഡില്‍ പത്തനാപുരം ടൗണുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ റോഡിന്റെ 16 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തിയും ബാക്കി 14 കിലോമീറ്റര്‍ ഗതാഗത യോഗ്യമാക്കുന്ന പ്രവര്‍ത്തിയും ഒക്ടോബര്‍ 25ന് അകം പൂര്‍ത്തിയാക്കും. ക്യാമ്പ് ചെയ്തു കൊണ്ട് ഇതു നിരീക്ഷിക്കുന്നതിന് കെഎസ്ടിപിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ട്. പത്തനാപുരം ടൗണില്‍ പോയപ്പോള്‍ ദയനീയമാണ് സ്ഥിതി. അടിയന്തിര ഇടപെടലാണ് അവിടെ നടത്താന്‍ നിര്‍ദേശിച്ചത്. ബുധനാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും ടൗണിലെ അറ്റകുറ്റപ്പണി നടത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ടൗണിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ബാക്കിയുള്ള പ്രവര്‍ത്തികള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
പ്ലാപ്പള്ളി- ആങ്ങമൂഴി റോഡിന്റെ ബിഎം പ്രവര്‍ത്തി നവംബര്‍ 10ന് മുന്‍പ് പൂര്‍ത്തിയാക്കും. ഇതിനു പുറമേ ജനപ്രതിനിധികളും ജനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ള റോഡുകള്‍ ഉണ്ട്. ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം റോഡിന്റെ പരാതികള്‍ നിരവധി വന്നിട്ടുണ്ട്. ഇതിന്റെ 10 കിലോമീറ്റര്‍ ബിഎം പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ഈ റോഡിന്റെ ബിഎം-ബിസി പ്രവര്‍ത്തി ഡിസംബര്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കും.
നല്ല ഫലമാണ് ടീം വര്‍ക്കിന്റെ ഭാഗമായി കാണാന്‍ സാധിച്ചത്. ബാക്കി കാര്യങ്ങള്‍ കൂടി നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഭാവിയിലും നല്ല നിലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ കൊണ്ടുപോകാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ വലിയൊരു ശതമാനം നല്ലനിലയില്‍ പൂര്‍ത്തീകരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനു സഹകരിച്ച കരാറുകാര്‍, ഉദ്യോഗസ്ഥര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുനലൂര്‍ – പത്തനാപുരം റോഡ്, കോന്നി- മൈലപ്ര റോഡ്, മണ്ണാറകുളഞ്ഞി- വടശേരിക്കര – പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം – പമ്പ റോഡ്, പ്ലാപ്പള്ളി- ആങ്ങാമുഴി റോഡ് എന്നിവ മന്ത്രി ബുധനാഴ്ച സന്ദര്‍ശിച്ചു. ഇന്ന് (20) രാവിലെ 10.30ന് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമ്മൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. രാവിലെ റാന്നി- കോഴഞ്ചേരി- തിരുവല്ല റോഡും ഉച്ചയ്ക്ക് ശേഷം പന്തളം- കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട റോഡും സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റില്‍ അവലോകന യോഗം ചേരും.