മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ മൊഡ്യൂള്‍ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വാളയാറില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കുന്നു.
പാലക്കാട്: കേരളത്തില്‍ മോട്ടോര്‍ വകുപ്പിന് കീഴില്‍ വാഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാളയാറില്‍ ഓണ്‍ലൈന്‍ ചെക്‌പോസ്റ്റ് മൊഡ്യൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ സാധാരണക്കാര്‍ക്ക് ഓഫീസില്‍ കയറി ഇറങ്ങുന്ന അവസ്ഥ ഇല്ലാതാവും. വീടുകളിലിരുന്നോ, അക്ഷയ കേന്ദ്രങ്ങള്‍വഴിയോ സംസ്ഥാനന്തര സര്‍വ്വീസുകള്‍ക്കടക്കം ഫീസും ടാക്‌സും ഓണ്‍ലൈനായി ഇന്റര്‍നെറ്റ് ബാങ്കിങ്, ഗൂഗിള്‍ പേ പണമിടപാട് നടത്താം. കൂടാതെ ഏജന്റുമാരുടേയും ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാം.
ഇന്ത്യയില്‍ ആദ്യമായി കേരളത്തിലുള്ള 19 അതിര്‍ത്തി മോട്ടോര്‍ വാഹനവകുപ്പ് ചെക്‌പോസ്റ്റുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. 19 ചെക്‌പോസ്റ്റുകളില്‍ ഏഴും പാലക്കാട് ആയതിനാലും വാളയാര്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെക്‌പോസ്റ്റായതുമാണ് സംസ്ഥാന തല ഉദ്ഘാടനം ഇവിടെ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ ചെക്‌പോസ്റ്റിന്റെ ആധുനികവത്കരണത്തിനായി 11കോടി രൂപ അനുവദിച്ചതായും എട്ട് ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ ഓട്ടോമാറ്റിക് വെയിങ്ങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനമായി. ഇതിനായി അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും ആദ്യ പ്രൊജക്റ്റ് എന്ന രീതിയില്‍ 75 ലക്ഷം രൂപ മുടക്കി ഗോപാലപുരം ചെക്ക് പോസ്റ്റില്‍ വെയിങ്ങ് മെഷീന്‍ സ്ഥാപിക്കുമെന്നും ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തന്നെ വാഹനങ്ങളുടെ ഭാരം കമ്പ്യൂട്ടറില്‍ രജിസ്റ്റര്‍ ആവുന്ന രീതി നടപ്പിലാവുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വാഹനീയം അദാലത്തുകള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്ത് വിജയകരമായി അദാലത്തുകള്‍ നടക്കുന്നതായും ഇത്തരം അദാലത്തിലൂടെ വന്ന പരാതിയുടെ ഭാഗമായി 45 ശതമാനം വൈകല്യമുള്ള ആളുകള്‍ക്ക് യാത്രാ പാസ്സുകള്‍ നല്‍കാന്‍ തീരുമാനമായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പെര്‍മിറ്റ് മന്ത്രി ഡൈവ്രര്‍മാര്‍ക്ക് കൈമാറി.ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ച് അഞ്ചു ഭാഷകളിലെ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ മന്ത്രി എം.എല്‍.എക്കു കൈമാറി.
വാളയാര്‍ ചെക്‌പോസ്റ്റില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസീത, അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, തൃശൂര്‍ ഡി.റ്റി.സി(തൃശൂര്‍ ജില്ല ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍) എം.പി ജയിംസ് എന്നിവര്‍ പങ്കെടുത്തു.