പരുമല: പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നപ്പോള്‍
പത്തനംതിട്ട: പരുമല പെരുനാള്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സബ് കളക്ടര്‍ അറിയിച്ചു. പഞ്ചായത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാരെ റോഡിന്റെ ഒരു വശത്തേക്ക് മാത്രമായി മാറ്റണമെന്ന് സബ് കളക്ടര്‍ പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കി.ജനത്തിരക്ക് അനുസരിച്ച് ബസുകള്‍ അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മെഡിക്കല്‍ ടീമിനെ സജീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാക്കിയതായും രണ്ടു ദിവസത്തിനുള്ളില്‍ പരുമല റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിക്കുമെന്നും പിഡബ്ലുഡി നിരത്ത് വിഭാഗം അറിയിച്ചു. വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങളായ പി.എ. ജേക്കബ്, ജി. ഉമ്മന്‍, ഡി.എം. കുരുവിള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.