Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (21/10/2022)

ഉപതെരഞ്ഞെടുപ്പ്: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം-എഡിഎം 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ബൂത്തുകള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എഡിഎം ബി.രാധകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി, വെള്ളം, ശൗചാലയം, റാമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. റാമ്പ് ഇല്ലെങ്കില്‍ നേരത്തെ ക്രമീകരിക്കണം. പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ മറയ്ക്കണം. പോലീസ്, എക്‌സൈസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനമായി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ സെക്രട്ടറിമാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും എഡിഎം പറഞ്ഞു. സെക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാധാനങ്ങള്‍ കൈമാറുന്ന കാവുംഭാഗം ഡിബിഎച്ച്എസ്എസ് സന്ദര്‍ശിച്ച് പരിശോധന നടത്തിയതായും എഡിഎം യോഗത്തില്‍ അറിയിച്ചു.

പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിനാണ് നടക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ ഹക്കീം, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ലിബി സി. മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!