Input your search keywords and press Enter.

ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്ന സ്ഥായിയായ വികസനമാതൃക സൃഷ്ടിക്കാനാണ് ശ്രമമെന്ന് മന്ത്രി എം.ബി രാജേഷ്

സുസ്ഥിര തൃത്താല പരിപാടിയില്‍ പദ്ധതിരേഖ പ്രകാശനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിക്ക് നല്‍കി നിര്‍വഹിക്കുന്നു.

പാലക്കാട്: ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്ഥായിയായി മുന്നോട്ടുകൊണ്ടുപോകുന്ന വികസന മാതൃക സൃഷ്ടിക്കാനാണ് ശ്രമമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല-പദ്ധതിരേഖ പ്രകാശനവും വെബ്പോര്‍ട്ടല്‍ പരിചയപ്പെടുത്തലിന്റെയും ഉദ്ഘാടനം തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃത്താലയുടെ സവിശേഷത കണക്കിലെടുത്ത് കൃഷിക്കും മണ്ണിനും ജല സമ്പത്തിനും പ്രാധാന്യം നല്‍കികൊണ്ടുള്ള വികസന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ചാണ് സുസ്ഥിര തൃത്താല പദ്ധതി രേഖ പ്രകാശനവും വെബ്പോര്‍ട്ടല്‍ പരിചയപ്പെടുത്തലും നടത്തിയത്. തൃത്താല എം.എല്‍.എയും,തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷ് വിഭാവനം ചെയ്ത ജനകീയ വികസന പദ്ധതിയാണ് സുസ്ഥിര തൃത്താല.

ഒരു വര്‍ഷത്തോളം നീണ്ട പ്രക്രിയയിലൂടെയും വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചയിലൂടെയുമാണ് പദ്ധതി രേഖ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രാഥമിക വിവരശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയുമാണ് നിലവിലുള്ള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് സമഗ്രമായ വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയത്.നിയോജകമണ്ഡലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പോര്‍ട്ടലാണ് www.thrithalalac.com. മണ്ഡലത്തിലെ സ്ഥലപരമായ- ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അതിര്‍ത്തികള്‍, പ്രകൃതി വിഭവങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആവശ്യ സേവനകേന്ദ്രങ്ങള്‍, ഉള്‍പ്പെടെ മണ്ഡലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

മണ്ണ്, ജലം, കൃഷി, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തൃത്താല മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഭൂഗര്‍ഭ ജലവിധാനം സെമി ക്രിട്ടിക്കല്‍ അവസ്ഥയിലുള്ള മണ്ഡലത്തിലെ ജലസ്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, മണ്ഡലത്തിലെ തരിശുരഹിതവും-മാലിന്യമുക്തവുമാക്കി മാറ്റുക, ടൂറിസം വികസനം, തുടങ്ങിയ സമഗ്രവികസനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.ലഹരി പോലെ മാരകമായ വിപത്താണ് മാലിന്യം എന്നും അടുത്ത നാല് വര്‍ഷം കൊണ്ട് മാലിന്യമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമ്പത് ഉപസമിതികള്‍ രൂപീകരിച്ച് ചര്‍ച്ചകളും ശില്‍പശാലകളും നടത്തിയാണ് പദ്ധതിരേഖ തയ്യാറാക്കിയത്. ഭാരതപ്പുഴ നദിയിലെ പ്രവര്‍ത്തനങ്ങള്‍, തോടുകളുടെയും പുഴകളുടെയും നവീകരണം, മണ്ണ് -ജലസംരക്ഷണം, ഇക്കോ – റെസ്റ്റോറേഷന്‍, കൃഷിയും അനുബന്ധ മേഖലകളും, മാലിന്യ സംസ്‌കരണം, ഗതാഗതവും-ടൂറിസവും, പഠനവും വിഭവ അവലോകനവും, ബോധവത്കരണം എന്നിവ ഉള്‍പ്പെട്ടതാണ് ഉപസമിതികള്‍.

പത്തിന കര്‍മ്മ പരിപാടി

മണ്ഡലത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും, തൃത്താലയെ തരിശുരഹിതവും മാലിന്യമുക്തമാക്കുന്നതിനും പത്തിന കര്‍മ്മപരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ വാര്‍ഡിലും പ്രത്യേക ഗ്രാമസഭകള്‍ ചേരുക, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സുസ്ഥിരവികസന ക്ലബ്ബുകള്‍ രൂപീകരിക്കുക, കൃത്രിമ ഭൂജല പോഷണവും കിണര്‍ റീചാര്‍ജിങും നടത്തുക, ജനകീയ മഴക്കൊയ്ത്ത്, ഒരുലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍, പഞ്ചായത്തില്‍ ഒരു മാതൃക ചെറു നീര്‍ത്തടം, പഞ്ചായത്തില്‍ ഒരു ജൈവ വാര്‍ഡ്, പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സംരക്ഷണം, മാലിന്യമുക്ത തൃത്താല, ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നിങ്ങനെയാണ് പത്തിന കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജനപങ്കാളിത്തം ഉറപ്പാക്കി വേണം പദ്ധതികള്‍ നടപ്പിലാക്കാനെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ തദ്ദേശസ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിക്ക് നല്‍കി
പദ്ധതിരേഖ പ്രകാശനം നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. പരിപാടിയോടനുബന്ധിച്ച് നടന്ന ടെക്നിക്കല്‍ സെഷനില്‍ ഭൂവിനിയോഗ ബോര്‍ഡ് കൃഷി ഓഫീസര്‍ എസ്. സിമി പദ്ധതി രേഖ അവതരിപ്പിച്ചു. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ ‘അറിയാം തൃത്താല -വിഭവ വിവര വെബ്പോര്‍ട്ടല്‍’- വിഷയാവതരണവും ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് മാലിന്യ മുക്ത തൃത്താല -വിഷയാവതരണവും നടത്തി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, നവകേരളം പദ്ധതി ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!