പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തില്‍ മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കുന്നു.
കൊല്ലം: കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കാന്‍ കര്‍ഷിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. ജില്ലയിലെ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷി ആരംഭിക്കണം. ഇതിനായി പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. വിഷാംശമില്ലാത്ത കാര്‍ഷികകോത്പാദനത്തിലൂടെ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ കഴിയും. കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയം ഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ജില്ലയിലെ 1420 വാര്‍ഡുകളിലായി 473 താത്കാലിക എന്യുമറേറ്റര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. നവംബറില്‍ ആദ്യ ഘട്ടം ആരംഭിക്കും. പരിശീലന ക്ലാസുകള്‍ക്ക് വകുപ്പുതല ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി . ചടങ്ങില്‍ സാമ്പത്തിക സ്ഥിതി വിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍ അദ്ധ്യക്ഷനായി. എ. ഡി. എം ആര്‍. ബീനറാണി, ജോയിന്റ് ഡയറക്ടര്‍ കെ. ഹലീമ ബീഗം, ജില്ലാ ഓഫീസര്‍ എസ്. ബിന്ദു, ജില്ലാ ടൗണ്‍ പ്ലാനര്‍ എം.വി ഷാരി, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ രാജലക്ഷ്മി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.