Input your search keywords and press Enter.

സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവര്‍ത്തനം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍

സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫോട്ടോ/ വീഡിയോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കുന്നു.

പാലക്കാട്:  സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫോട്ടോ/ വീഡിയോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ഏറ്റവുമധികം സഭാ സമ്മേളനങ്ങള്‍ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേത്. വര്‍ഷത്തില്‍ ശരാശരി 55 മുതല്‍ 60 ദിവസം വരെ നിയമസഭ ചേരും. ആരോഗ്യകരമായ സംവാദങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ നടത്തുന്നത്. നിയമസഭയെ പൊതുജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഫോട്ടോ /വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉള്‍പ്പെടെ പൊതുസമൂഹത്തിന് ലഭ്യമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പുസ്തക പ്രദര്‍ശനം ആലോചിക്കുന്നതായും നിയമസഭയെ സംബന്ധിച്ചും അസംബ്ലി പ്രവര്‍ത്തനങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ അറിയണമെന്നും സ്പീക്കര്‍ പറഞ്ഞു. 800ല്‍ ഏറെ കാലഹരണപ്പെട്ട നിയമങ്ങള്‍ റിപ്പീല്‍ ചെയ്യാന്‍ നിയമസഭ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉള്ളടക്കം സംരക്ഷിക്കാന്‍ കഴിയണം. ഇന്ത്യന്‍ ഭരണഘടന മതേതരവും ജനാധിപത്യപരവുമാണ്. മതത്തിന്റെ പേരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഭരണഘടന മാറ്റി എഴുതാന്‍ ശ്രമിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാവണം. ഇതിനെതിരെ ചെറുത്ത് നില്‍പ്പ് വേണം. ലഹരിക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ചെറുത്ത് നില്‍പ്പ് ഉണ്ടാവണം. പുരോഗമനപരമായി യുവതലമുറ സംഘടിക്കേണ്ടതുണ്ട്. കേരളത്തിലെ പുരോഗമന പക്ഷം ശക്തമാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനായി. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ വിശിഷ്ടാതിഥിയായി. എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, യുനിസെഫ് കേരള-തമിഴ്‌നാട് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍. റാവു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സത്യപാലന്‍, കെ. ബേബി സുധ, കെ.എസ്. സക്കീര്‍ ഹുസൈന്‍, സുധീറ ഇസ്മയില്‍, വി. പ്രേമ സുകുമാരന്‍, എല്‍. സായി രാധ, വിഘ്‌നേഷ്, പ്രിന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!