Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (25/10/2022)

മത്സ്യഫെഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍; ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 26)

മത്സ്യഫെഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ഇന്ന് (ഒക്‌ടോബര്‍ 26) വൈകിട്ട് മൂന്ന് മണിക്ക് മത്സ്യബന്ധനവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, എം. ഡി ഡോ. ദിനേശന്‍ ചെറുവാട്ട്, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, സുജിത് വിജയന്‍പിള്ള എം.എല്‍.എ, പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.

 

ശില്പശാല

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) മുഖേന നടപ്പിലാക്കിവരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ ക്ലാസും ശില്പശാലയും കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 27 ഉച്ചയ്ക്ക് രണ്ടു മണിക്ക് കരുനാഗപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവും ഒക്‌ടോബര്‍ 28 രാവിലെ 10.30ന് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാമും ഉദ്ഘാടനവും നിര്‍വഹിക്കും. സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷ ഫോം ഇവിടെ വിതരണം ചെയ്യും.

 

കാക്കത്തോട് കോളനിയില്‍ സമഗ്ര വികസനം

തേവലക്കര ഗ്രാമപഞ്ചായത്തിലെ കാക്കത്തോട് കോളനിയില്‍ സമഗ്ര വികസനത്തിന് അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികളനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളുടെ മെയിന്റനന്‍സിന് 30 ലക്ഷം, പുതിയ രണ്ടു റോഡുകള്‍ക്ക് 15 ലക്ഷം, മണ്ണ് സംരക്ഷണത്തിനും സൈഡ് വാള്‍ നിര്‍മ്മാണത്തിനും 48 ലക്ഷം, വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍, സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് എന്നിവയ്ക്ക് 6 ലക്ഷം തുടങ്ങിയ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എസ്. സി, എസ് ടി വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയില്‍ ശുചിമുറി സൗകര്യങ്ങളുടെയടക്കം അപര്യാപ്തത പരിഹരിക്കാന്‍ ടൈല്‍സ് പാകിയ ശുചിമുറികളാണ് നിര്‍മ്മിക്കുക. സോളാര്‍ ലൈറ്റ് സംവിധാനങ്ങള്‍ക്കൊപ്പം സി.സിടി.വി ക്യാമറകളും സ്ഥാപിക്കും. കോളനിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകള്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കും. വയലില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ സൈഡ് വാളുകള്‍ നിര്‍മ്മിക്കും. കോളനിയില്‍ നിലവിലുള്ള കാവിന്റെ സംരക്ഷണത്തിന് ചുറ്റുമതിലും സ്ഥാപിക്കും. 2023 മാര്‍ച്ചിനു മുന്‍പായി പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ അനസ് പറഞ്ഞു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് നിര്‍മ്മാണം.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെ കാക്കതോട് കോളനിയുടെ മുഖച്ഛായ മാറുമെന്ന് ഗ്രാമപഞ്ചായത്ത് എസ്. സിന്ധു വ്യക്തമാക്കി.

 

അവലോകനയോഗം നാളെ

കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വ്യവസായസംരംഭക വര്‍ഷം അവലോകനയോഗം നാളെ (ഒക്ടോബര്‍ 27) രാവിലെ 11.30ന് കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടക്കും. നിയോജക മണ്ഡലത്തിലെ വകുപ്പ് തലവ•ാരും ധനകാര്യസ്ഥാപനങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ സംരംഭക പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.

 

ഗതാഗത നിയന്ത്രണം

കൊട്ടാരക്കര- ശാസ്താംകോട്ട റോഡില്‍ പുത്തൂര്‍ മണ്ഡപം ജംഗ്ഷന് സമീപം കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ 45 ദിവസത്തേക്ക് കൊട്ടാരക്കരയില്‍ നിന്ന് ശാസ്താംകോട്ട ഭാഗത്തേക്കും ശാസ്താംകോട്ടയില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്കും വരുന്ന വാഹനങ്ങള്‍ ബഥനി ജംഗ്ഷന്‍ -കാഞ്ഞിരംവിള ജംഗ്ഷന്‍ -അട്ടുവാശ്ശേരി- ഞാങ്കടവ് -പാങ്ങോട് വഴി പോകണമെന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

മാര്‍ച്ച് 2022ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും പ്ലസ് വണ്ണില്‍ സയന്‍സ് വിഭാഗത്തില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും 2022-23 വര്‍ഷത്തെ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 15ന് മുമ്പ് കൊല്ലം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

2022-23 വര്‍ഷത്തെ കായികമേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ആവശ്യമായ ജെഴ്‌സി വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 31ന് 12 മണിക്ക് മുമ്പ് വിശദമായ ക്വട്ടേഷന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 9846311608 നമ്പറിലോ ബന്ധപ്പെടാം.

 

അപേക്ഷ ക്ഷണിച്ചു

ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ളവരും ജില്ലയില്‍ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് (ബി.ടെക്ക്, എം.ടെക്ക്, എം.സി.എ, എം.ബി.ബി.എസ്, എം.ബി.എ, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) പോളി ടെക്‌നിക് (കമ്പ്യൂട്ടര്‍ സയന്‍സ്) ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, എം.എസ്.സി (ഇലക്‌ട്രോണിക്‌സ്) ബി.ആര്‍ക്ക്, എം.ഫില്‍/പി.എച്ച്.ഡി) 2022-23 വര്‍ഷം ഒന്നാം വര്‍ഷക്കാരായി പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടി, ഒരു മാസത്തിനകം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം.

 

പുനര്‍ ടെന്‍ഡര്‍ ക്ഷണിച്ചു

ജല കൃഷി വികസന ഏജന്‍സി കേരള (അഡാക്) യുടെ കീഴില്‍ ജില്ല സര്‍ക്കാര്‍ ഫിഷ് ഫാം അഡാക് ആയിരം തെങ്ങിലെ അന്‍പത് സെന്റ് വീതിയിലുള്ള ഒരു മണ്‍ കുളത്തില്‍ പടുക ( എച്ച് ഡി പി ഐ ഷീറ്റ് ) വിരിച്ച മത്സ്യ കൃഷിക്ക് അനുയോജ്യമാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടുമണി. ടെണ്ടര്‍ ഫോമുകള്‍ ജലകൃഷി വികസന ഏജന്‍സി അഡാക് സര്‍ക്കാര്‍ ഫിഷ് ഫാം അഡാക്ക് ആയിരംതെങ്ങ്, ആലുംപീടിക പി. ഒ ഓച്ചിറ -690547 നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.

 

പുനര്‍ ടെന്‍ഡര്‍ ക്ഷണിച്ചു

ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്) യുടെ കീഴില്‍ ജില്ല സര്‍ക്കാര്‍ ഫിഷ് ഫാം അഡാക് ആയിരംതെങ്ങിലെ അന്‍പത് സെന്റ് വീതമുള്ള നാല് കുളങ്ങളില്‍ പടുത( രണ്ടു സൈഡ് പിവിസി കോട്ടട് നൈലോണ്‍ ഷീറ്റ് ) വിരിച്ച് മത്സ്യ കൃഷിക്ക് അനുയോജ്യമാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടുമണി. ടെണ്ടര്‍ ഫോമുകള്‍ ജലകൃഷി വികസന ഏജന്‍സി അഡാക് സര്‍ക്കാര്‍ ഫിഷ് ഫാം അഡാക്ക് ആയിരംതെങ്ങ്, ആലുംപീടിക പി. ഒ ഓച്ചിറ -690547 നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. വിവരങ്ങള്‍ക്ക് 9497676448

error: Content is protected !!