പുറമറ്റം റാലി- പുറമറ്റം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജി ആര് സി യുടെ ആഭിമുഖ്യത്തില്‍ ബോധ – 2022 ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ റാലി.
പത്തനംതിട്ട: പുറമറ്റം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജി ആര് സി യുടെ ആഭിമുഖ്യത്തില്‍ ബോധ – 2022 ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
വെണ്ണിക്കുളം സെന്റ് തോമസ് കത്തോലിക്ക പള്ളിപ്പടിയില്‍ നിന്ന് ആരംഭിച്ച സന്ദേശ റാലി വെണ്ണിക്കുളം ജംങ്ഷനില്‍ എത്തി മനുഷ്യ ചങ്ങല തീര്‍ക്കുകയും ലഹരിയ്ക്ക് എതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികള്‍, സി.ഡി. എസ് -എ.ഡി.എസ് – അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 500 ല്‍ അധികം കുടുംബശ്രീ അംഗങ്ങള്‍ റാലിയില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മിമോള്, ജനപ്രതിനിധി ഷിജു വി കുരുവിള കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ, സ്നേഹിത കൗണ്‍സിലര്‍ എന്‍.എസ്. ഇന്ദു, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അശ്വതി വി നായര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഓമനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.