ബഡ്‌സ്/ബി.ആര്‍.സികളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗോല്‍സവം ചിലമ്പൊലി 2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠന, പരിശീലന കേന്ദ്രങ്ങളായ ബഡ്‌സ്/ബി.ആര്‍.സികളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗോല്‍സവം ചിലമ്പൊലി 2022ന് തിരശീല ഉയര്‍ന്നു. ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി നൂറ്റിഅന്‍പതോളം പേര്‍ രണ്ട് ദിവസങ്ങളിലായി അരങ്ങിലെത്തും.
വിഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴില്‍പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ബഡ്‌സ്/ബി.ആര്‍.സികള്‍. അഞ്ച് വയസ് മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂളുകള്‍ വഴി വിദ്യാഭ്യാസവും 18 വയസിനു മുകളിലുള്ളവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ മുഖേന പകല്‍ പരിപാലനവും തൊഴില്‍ പരിശീലനവുമാണ് നല്‍കുന്നത്.
ലളിതഗാനം, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, ഒപ്പന, എംബോസ് പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, എന്നിവയാണ് ആദ്യദിനമായ ബുധനാഴ്ച്ച അരങ്ങിലെത്തിയത്. രണ്ടാം ദിനമായ വ്യാഴാഴ്ച മിമിക്രി, നാടോടി നൃത്തം, നടോടി ഗാനം, സംഘനൃത്തം, ക്രയോണ്‍ പെയിന്റിംഗ് എന്നിവ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ ഏലിയാസ് തോമസ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്മിത തോമസ്, ജില്ലാ പ്രോഗാം മാനേജര്‍ (ട്രൈബല്‍) ടി.കെ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.