പള്ളിക്കലാറിന്റെ നവീകരണം.
കൊല്ലം: പള്ളിക്കലാറിന്റെ ഒഴുക്ക് സുഗമമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. സ്വഭാവികമായ ഒഴുക്കിന് തടസ്സമായി വന്നടിഞ്ഞ മണ്‍തിട്ടകള്‍ ഇടിച്ചു മാറ്റുന്ന പ്രവൃത്തിയാണ് ആദ്യം. പടര്‍ന്നുപിടിച്ച കുറ്റികാടുകളും നീക്കം ചെയ്യാന്‍ തുടങ്ങി. ശൂരനാട് വടക്ക്, തഴവ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ എറോട്ട് പാലം മുതല്‍ 200 മീറ്ററാണ് ആദ്യഘട്ടം വൃത്തിയാക്കുക. മണലിക്കല്‍ പുഞ്ചയില്‍ നിന്ന് പള്ളിക്കലാറ്റിലേക്ക് ഒഴുകുന്ന എറോട്ട് തോട് മുതല്‍ പലഭാഗങ്ങളിലും പ്രളയത്തില്‍ രൂപപ്പെട്ട വലിയ മണ്‍തിട്ടകള്‍ ഉടന്‍ നീക്കം ചെയ്യും.
വര്‍ഷങ്ങളായി വളര്‍ന്നു പരന്ന കുറ്റികാടുകളും ഒഴുക്കിന് തടസ്സമെന്ന് കണ്ട് വെട്ടി നീക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്തു ആഴം കൂട്ടുന്നുമുണ്ട്. ആറ്റിലേക്ക് പടര്‍ന്ന മരങ്ങളുടെ ശിഖരങ്ങളും മാലിന്യവും ഒഴുക്ക് തടസ്സപ്പെടാത്ത വിധം മാറ്റും. മഴക്കാലത്തു ആറ് കരകവിഞ്ഞുണ്ടായ നാശനഷ്ടത്തിനും പരിഹാരം കാണും. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് രണ്ട് ലക്ഷം രൂപ വിനിയോഗമുള്ള പദ്ധതിയുടെ നിര്‍വഹണ ചുമതല.