കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും: മന്ത്രി ആന്റണി രാജു
നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ്
നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് 200 ബസുകള്‍
സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 300 ബസുകള്‍ മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍
കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പമ്പാ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചു പോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക. വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്നവര്‍ക്കായി കെഎസ്ആര്‍ ടിസി ബസ് ക്രമീകരിച്ചു നല്‍കും. നാല്‍പ്പതു പേരെങ്കിലും സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വീസ് നടത്തും.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നിലയ്ക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്അര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. 200 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 300 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തും. മകരവിളക്കിന് ആയിരം ബസുകള്‍ സര്‍വീസ് നടത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് ചരക്കുവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും പമ്പയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തും. മുന്‍വര്‍ഷത്തേക്കാള്‍ ജാഗ്രതയോടെ കൂടുതല്‍ ക്രമീകരണങ്ങളാണ് വകുപ്പുകള്‍ നടത്തേണ്ടത്. നവംബര്‍ പത്തോടുകൂടി വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അപകടരഹിതമായ തീര്‍ഥാടന കാലമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കണക്കാക്കി തീര്‍ഥാടന കാലത്ത് ദുരന്തനിവാരണ വകുപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കണമെന്ന്് ആന്റോ ആന്റണി എംപി പറഞ്ഞു. ഫയര്‍ഫോഴ്‌സും സജ്ജമായിരിക്കണം. ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടേയും സഹായം തേടാം. നിലയ്ക്കലില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഉറപ്പു വരുത്തണം. നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള ഗതാഗത സൗകര്യം മികച്ചതായിരിക്കണം. ഇലവുങ്കലില്‍ സേഫ് സോണ്‍ പദ്ധതിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കണം. തീര്‍ത്ഥാടന കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിനും അല്ലാത്ത സമയങ്ങളില്‍ വനംവകുപ്പിനും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു.
പ്ലാപ്പള്ളി – ആങ്ങമൂഴി റോഡ് നിര്‍മാണവുമായി ബന്ധപ്പെട് നിര്‍ത്തലാക്കിയ എരുമേലി-ആങ്ങമൂഴി ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളാണ്. ഇത്തവണയും പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
ഗതാഗത വകുപ്പ് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ഇലവുങ്കല്‍ സേഫ്‌സോണിന് സ്ഥിരം കെട്ടിടം വന്നാല്‍ മാസപൂജാ സമയത്തും മോട്ടോര്‍വാഹനവകുപ്പിന്റെ സേവനം ഉറപ്പാക്കാന്‍ സാധിക്കും. സുരക്ഷക്കായി റോഡുകളില്‍ ഫ്‌ളൂറസെന്റ് കളര്‍ ലൈനുകള്‍ ക്രമീകരിക്കണം. ആവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കണം. ആവശ്യമെങ്കില്‍ അധിക കാമറകള്‍ വയ്ക്കണം. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ അമിത ആള്‍ തിരക്ക് ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇവിടെ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിന് സൗകര്യമൊരുക്കണം. മണ്ഡല മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിട്ട് സഹകരിക്കുന്ന വകുപ്പാണ് കെഎസ്ആര്‍ടിസി. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയിലൂടെ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിലയ്ക്കലില്‍ താമസം, ഭക്ഷണം എന്നിവ നല്‍കും. നിലയ്ക്കലില്‍ 205 ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ചെങ്ങന്നൂര്‍-പമ്പ ബസ് റാന്നി വഴി സര്‍വീസ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പരാതിരഹിതമായ തീര്‍ഥാടന കാലമായി മാറ്റുകയാണ് ലക്ഷ്യം. എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം അതിനാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കോട്ടയം സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം രാജകൊട്ടാര പ്രതിനിധി നാരായണ വര്‍മ്മ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായവുമായി സേഫ്‌സോണ്‍; വിവരം ലഭിച്ച് ഏഴുമിനിറ്റില്‍ സഹായമെത്തിക്കാന്‍ സംവിധാനം
ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി സജ്ജമാകുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡ് സേഫ്‌സോണ്‍ പദ്ധതിയുടെ നിരീക്ഷണത്തിലായിരിക്കും. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തിര സാഹചര്യമുണ്ടാകുന്ന സ്ഥലത്ത് ഏഴു മിനിറ്റിനുള്ളില്‍ സേഫ്‌സോണ്‍ പ്രവര്‍ത്തകര്‍ എത്തും.
മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ക്കും കീഴിലായി 21 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് ഇവരുടെ ചുമതല. പട്രോളിംഗ് ടീമുകള്‍ 24 മണിക്കൂറും ശബരീ പാതയില്‍ ഉണ്ടാകും. ആംബുലന്‍സ്, ക്രെയിന്‍, റിക്കവറി സംവിധാനത്തോടു കൂടിയ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും വിന്യസിക്കും.
തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം തേടുന്നതിന് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിക്കും. സേഫ്‌സോണില്‍ സേവനം അനുഷ്ഠിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും ജിപിഎസ് സംവിധാനം ഉള്ളവയായിരിക്കും. കണ്‍ട്രോണ്‍ റൂമുകളില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. രാജ്യത്തെ 30 വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് തീര്‍ഥാടകരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സേഫ്‌സോണ്‍ പദ്ധതിയില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
നിലയ്ക്കലെ ക്രമീകരണങ്ങള്‍ ഗതാഗത മന്ത്രി വിലയിരുത്തി
ശബരിമലയുടെ ബേയ്‌സ് ക്യാമ്പായ നിലയ്ക്കല്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസിനുള്ള ക്രമീകരണങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ടു സന്ദര്‍ശിച്ച് വിലയിരുത്തി. ഇവിടെ തീര്‍ഥാടകര്‍ക്കായും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കി.
കെഎസ്ആര്‍ടിസിയുടെ പാര്‍ക്കിംഗ് സ്ഥലവും വിശ്രമ സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പൻ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെഎസ്ആര്‍ടിസി-ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.