Input your search keywords and press Enter.

ശിശുദിനാഘോഷം: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകള്‍

ശിശുദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. റ്റി.കെ.ജി. നായര്‍ സംസാരിക്കുന്നു.

പത്തനംതിട്ട: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ശിശുദിനം ആഘോഷിക്കുന്നതിന് എഡിസി (ജനറല്‍) രാജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.ശിശുദിനാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയം ആക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. റ്റി.കെ.ജി. നായര്‍ അറിയിച്ചു. ശിശുദിനാഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍, ബ്ലോക്ക്തല സംഘാടക സമിതി യോഗം നവംബര്‍ രണ്ടിന് മുന്‍പ് ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തണമെന്നും നവംബര്‍ രണ്ടിന് തന്നെ കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ നടത്തി നാലിന് ഫലം കളക്ടറേറ്റിലെ എഡിസി (ജനറല്‍) ഓഫീസില്‍ നല്‍കണം. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലുളള വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരം.

മുനിസിപ്പല്‍, ബ്ലോക്ക്തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് അഞ്ചിന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല മത്സരം നടത്തും. മലയാള പ്രസംഗ മത്സരത്തില്‍ എല്‍പി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിയെ കുട്ടികളുടെ പ്രധാനമന്ത്രിയായും, യുപി സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിയെ കുട്ടികളുടെ സ്പീക്കറായും തെരഞ്ഞെടുക്കും.

നവംബര്‍ 14 ന് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന റാലിയോട് അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തും. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ശിശുദിന റാലി പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശിശുക്ഷേമ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ശിശുദിന സന്ദേശം നല്‍കും.

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം, ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണന്‍, ഭാസുരാ ദേവി, കലാനിലയം രാമചന്ദ്രന്‍, കൃഷ്ണകുറുപ്പ്, രാജന്‍ പടിയറ, ഡോ. രാജഗോപാല്‍, സി.എന്‍. ജാനകി, ലീല ഗംഗാധരന്‍, രാജേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!