Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (28/10/2022)

ബാലമിത്ര: യോഗം ഇന്ന്(29)

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബാലമിത്രയുടെ ഇന്റര്‍ സെക്ട്രല്‍ മീറ്റിംഗ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊളളിച്ച് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് (29) ഉച്ചയ്ക്ക് 3.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.659/2017) തസ്തികയിലേക്ക് 04.09.2019 തീയതിയില്‍ നിലവില്‍ വന്ന 472/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 03.09.2022 തീയതി അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് 04.09.2022 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

ക്വട്ടേഷന്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 657.

 

ജൈവവൈവിധ്യ ഉദ്യാനനിര്‍മ്മാണത്തിന് തുടക്കമിട്ട് കുന്നം ഗവ: എല്‍.പി. എസ്

ആര്‍കെഐ- കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കുന്ന പമ്പാ നദീതീര പുനരുജ്ജീവന പദ്ധതി ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ (വെച്ചൂച്ചിറ ബി.എം.സി) കുന്നം ഗവ: എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ബി.എം.സി ചെയര്‍പേഴ്‌സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റ്റി.കെ ജയിംസ് ഔഷധ സസ്യതൈ നട്ട് നിര്‍വഹിച്ചു. 2018ലെ മഹാപ്രളയത്തില്‍ നഷ്ടടപെട്ട സസ്യജൈവ സമ്പത്തിനെ വീണ്ടെടുക്കുന്നതിന് ഭാഗമായാണ് പമ്പാനദീതീര പുനരുജ്ജീവനം പദ്ധതി നടപ്പാക്കി വരുന്നത്.

പി.ടി.എ വൈസ് പ്രസിഡന്റ് ബീനാ ബിജുകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം രാജി വിജയകുമാര്‍, പ്രധാന അധ്യാപകന്‍ സി.പി. സുനില്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

വെറ്ററിനറി സര്‍ജന്‍: അഭിമുഖം 31ന്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനായി ഈ മാസം 31ന് രാവിലെ 10ന് അഭിമുഖം നടത്തും. തിരഞ്ഞെടുക്കുന്നവര്‍ക്ക് 90 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റു് എന്നിവയുടെ അസലും, പകര്‍പ്പും സഹിതം അന്നേ ദിവസം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0468 2 270 908. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

 

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. ചെറുകിട നാമമാത്ര കര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഇവര്‍ക്ക് സാധാരണ കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 50 ശതമാനവും ഭക്ഷ്യസംസ്‌കരണ ഉപകരണങ്ങള്‍ക്ക് 60 ശതമാനവും സബ്സിഡി അനുവദിക്കും. ഈ വിഭാഗങ്ങളില്‍ അല്ലാത്തവര്‍ക്ക് യഥാക്രമം 40 ശതമാനം, 50 ശതമാനം നിരക്കിലും സബ്സിഡി അനുവദിക്കും.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖര സമിതികള്‍, കാര്‍ഷികകര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറിബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി അനുവദനീയമാണ്. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.

ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തികവര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് അനുവദിക്കുന്നത്. ഈ ഉപകരണങ്ങള്‍ തുടര്‍ന്നുവരുന്ന മൂന്ന് വര്‍ഷങ്ങളില്‍ വീണ്ടും അനുവദിക്കുന്നതല്ല. പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരില്‍ നിന്ന്മാത്രമേ മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയുകയുള്ളു. പദ്ധതിയില്‍ കൂടി ട്രാക്ടറുകള്‍, പവര്‍ ട്രില്ലറുകള്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍, നടീല്‍ യന്ത്രങ്ങള്‍, വിവധതരം സ്പ്രെയറുകള്‍, വയ്ക്കോല്‍ കെട്ടുന്ന യന്ത്രം, റൈസ് മില്‍, ഡ്രയറുകള്‍, കൊപ്രാ ആട്ട്മില്‍, പള്‍വറൈസര്‍, റോസ്റ്റര്‍, ചാഫ്കട്ടര്‍ തുടങ്ങിയവയാണ് ലഭ്യമാകുന്ന പ്രധാന ഉപകരണങ്ങള്‍.

ഫോണ്‍: കൃഷിഅസി. എക്സി. എഞ്ചിനീയര്‍: 8281 211 692, കൃഷിഅസി. എക്സി. എഞ്ചിനീയര്‍ :7510 250 619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282 516 897, 9496 836 833.

 

ക്വട്ടേഷന്‍

സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു.

പ്രധാന കെട്ടിടം, ടോയ്‌ലറ്റ് ബ്ലോക്ക്, വെള്ളച്ചാട്ടവും അനുബന്ധ പ്രദേശവും തുടങ്ങി മറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങിയ അരുവിക്കുഴി ടൂറിസം പദ്ധതി നടത്തുന്നതിനുള്ള ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദ വിവരങ്ങളും കോഴഞ്ചേരിയിലുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച ക്വട്ടേഷനും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ :0468 2 311 343, 9447 709 944.

 

ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഡിജിറ്റല്‍ റീസര്‍വേ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 9.30ന് ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരിഷ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു, ജില്ലാ സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി തുടങ്ങിയവര്‍ പങ്കെടുക്കും.

എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാലു വര്‍ഷം കൊണ്ട് കേരളത്തെ ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്തു കൃത്യമായ റെക്കോര്‍ഡുകള്‍ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ റീസര്‍വേ നടപ്പാക്കുന്നത്. 1966 ലാണ് സംസ്ഥാനത്ത് സര്‍വേ നടപടികള്‍ തുടങ്ങിയത്. 56 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ എന്റെ ഭൂമി എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുവാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഭൂഉടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖ കൂടിയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

error: Content is protected !!