Input your search keywords and press Enter.

ഭാവി വികസനത്തിന് കരുത്താകുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ റീസര്‍വേ: മന്ത്രി വീണാ ജോര്‍ജ്

റീസര്‍വേ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍- ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരീഷ്ഹാളില്‍ നടന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഭദ്രദീപം തെളിയിക്കുന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ സമീപം

പത്തനംതിട്ട: ജില്ലയുടെ ഭാവി വികസനത്തിന് കരുത്താകുന്ന പ്രക്രിയയാണ് ഡിജിറ്റല്‍ റീസര്‍വേ എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പാരീഷ്ഹാളില്‍ നടന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഡിജിറ്റല്‍ റീസര്‍വേ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

ഭൂമിസംബന്ധമായ പ്രശ്നങ്ങള്‍ കാരണം ജില്ലയിലെ പല വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ ശാസ്ത്രീയമായ രീതിയില്‍ നടത്തി റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള നല്ല ഇടപെടലാണ് ഉണ്ടാകുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വേഗത്തില്‍ റീസര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയും. റീസര്‍വേ പൂര്‍ത്തീകരിക്കാനുള്ള മറ്റ് വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി സമയബന്ധിതമായി സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീസര്‍വേ നടത്തുന്നതിനാല്‍ കൃത്യത വരുന്നതിനും അപാകതകള്‍ കൃത്യമായി പരിഹരിക്കപ്പെടുന്നതിനും സാധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി തെറ്റുകൂടാതെ ഭൂമി അളക്കുന്ന പ്രക്രിയ കൃത്യമായ രേഖകള്‍ പുറപ്പെടുവിച്ച് കൊണ്ട് ജനകീയ പങ്കാളിത്തത്തോട് കൂടി ചെയ്യാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ബഹുജന പങ്കാളിത്തത്തോടെയാണ് എന്റെ ഭൂമി എന്ന പേരില്‍ സംസ്ഥാനത്ത് മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വേ ആരംഭിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്ത് കൃത്യമായ സര്‍വെ റിക്കാര്‍ഡുകള്‍ തയാറാക്കുന്നത്. ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ഡിജിറ്റല്‍ റീസര്‍വയിലൂടെ ലഭ്യമാകുന്നത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാല്‍, ഗ്രാമപഞ്ചായത്ത് അംഗം പി.സുജാത, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജ്യോതി, അസിസ്റ്റന്റ് ഡയറക്ടര്‍ സര്‍വേ റേഞ്ച് സിദ്ധയാഗ പ്രസാദിന്‍ പ്രഭാമണി, ജില്ലാ റിസര്‍വേ സൂപ്രണ്ട് നമ്പര്‍ 2 കെ.കെ. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ജയന്‍, രാജു നെടുവംപുറം, നിസാര്‍ നൂര്‍ മഹല്‍, മനോജ് മാധവശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!