Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (1/11/2022)

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഭരണഭാഷാ വാരാഘോഷം നവംബര്‍ മൂന്നിന്

ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചന്ദ്രനഗര്‍ ഭാരത്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് നവംബര്‍ മൂന്നിന് ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിക്കും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യസാന്നിധ്യം വഹിക്കും. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അജീഷ് ദാസന്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനിത അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, മേഴ്‌സി കോളെജ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന കവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിതയുടെ നൃത്താവിഷ്‌കാരം എന്നിവ അരങ്ങേറും.

പരിപാടിയില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിലിപ്‌സ് പനക്കല്‍, മലയാളം അധ്യാപകന്‍ വി.എസ് ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ എന്നിവര്‍ പങ്കെടുക്കും.

പൂമുത്തോളേയുടെ രചയിതാവ് അജീഷ് ദാസന്‍ മുഖ്യാതിഥി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചന്ദ്രനഗര്‍ ഭാരത്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭരണഭാഷ വാരാഘോഷപരിപാടിയില്‍ ജോസഫ് എന്ന ചലച്ചിത്രത്തിലെ ഗാനമായ ‘പൂമുത്തോളേ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടി….’ എന്ന ഈരടികള്‍ എഴുതിയ അജീഷ് ദാസാണ് മുഖ്യാതിഥി. ഏറെ ജനപ്രീതി നേടിയതും ഗായകന്‍ വിജയ് യേശുദാസിന് മികച്ച ഗായകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചതുമായ ഗാനമാണ് പൂമുത്തോളെ… എറണാകുളം മഹാരാജാസ് കോളെജില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദം നേടിയ അജീഷ്ദാസ് പൂമരം എന്ന സിനിമയിലൂടെയാണ് ഗാനരചനാ രംഗത്ത് സജീവമായത്. തൊട്ടപ്പന്‍, ഒരു പഴയ ബോംബ് കഥ, മേപ്പടിയാന്‍, പത്താം വളവ് തുടങ്ങി പത്തോളം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം ഗാനമൊരുക്കിയിട്ടുണ്ട്. ജേസീ പുരസ്‌കാരം, മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ്, മൂവി സ്ട്രീറ്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കാന്‍സര്‍ വാര്‍ഡ്, കോട്ടയം ക്രിസ്തു, ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ എന്നീ കാവ്യ സമാഹാരങ്ങള്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കല്യാണസൗഗന്ധികം അരങ്ങ് ഉണര്‍ത്തും

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചന്ദ്രനഗര്‍ ഭാരത്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭരണഭാഷ വാരാഘോഷം പരിപാടിയില്‍ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനിതയും സംഘവും കല്യാണസൗഗന്ധികം വിഷയമാക്കി ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. കലാമണ്ഡലം വിന്ദുജ മേനോന്‍ പിന്‍പാട്ടും ആര്‍.എല്‍.വി പ്രശാന്ത് മൃദംഗവും വായിക്കും. ഹാസ്യവും ലാളിത്യവും തനിമയും കൊണ്ട് ജനസ്വീകാര്യത ഏറെയുള്ള കലാരൂപമാണ് തുള്ളല്‍. വരേണ്യതയുടെ കാഴ്ചപ്പാടുകളെ മാറ്റി സാധാരണക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കലാരൂപം. കേരള സംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരിയാണ് കലാമണ്ഡലം വിനിത. കുഞ്ചന്‍ സ്മാരക കലാപീഠത്തില്‍ 12 വര്‍ഷമായി തുള്ളല്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി തുള്ളല്‍ പരിപാടികളും സോദാഹരണ പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

 

ശിശുദിനാഘോഷം: കലാ സാഹിത്യ മത്സരങ്ങള്‍ നവംബര്‍ ആറിന്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ ആറിന് രാവിലെ ഒമ്പതിന് പാലക്കാട് പി.എം.ജി.എച്ച്.എസ്. സ്‌കൂളില്‍ കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍, പ്രസംഗം- മലയാളം, ലളിതഗാനം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എച്ച്.എസ്.എസ്. വിഭാഗത്തിന് പ്രസംഗമത്സരമില്ല. ഒരാള്‍ക്ക് രണ്ടില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. രജിസ്‌ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. ഫോണ്‍: 9048734959, 8108962772.

 

കേരളോത്സവം: കലാ-കായിക മത്സരത്തിന് അപേക്ഷിക്കാം

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ 2022 കേരളോത്സവം-കലാ-കായിക മത്സരത്തിനുള്ള അപേക്ഷകള്‍ നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 232223.

 

ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം: നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

യുവാക്കളില്‍ സാങ്കേതിക, സംരംഭകത്വ നൈപുണ്യം വര്‍ധിപ്പിക്കാനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് നവംബര്‍ 14 മുതല്‍ 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), മെഷീന്‍ ലേണിങ് (എം.എല്‍), ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും ഉണ്ടാകും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അംഗീകൃത പദ്ധതിയായ ജനറേറ്റ് യുവര്‍ ബിസിനസ്സ്, സ്റ്റാര്‍ട്ട് യുവര്‍ ബിസിനസ്സ് എന്നീ വിഷയങ്ങളില്‍ ഐ.എല്‍.ഒ. അംഗീകൃത ഫാക്കല്‍റ്റികളുടെ ക്ലാസ്സുകളും ലഭിക്കും.

ആകെ 25 സീറ്റുകളാണ് ഉള്ളത്. 50 ശതമാനം സീറ്റ് എസ്.സി/എസ്.ടി വനിത വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തെയും പരിഗണിക്കും. അപേക്ഷകര്‍ 45 വയസ്സിന് താഴെയുള്ളവരും ബിരുദ യോഗ്യതയുള്ളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ വ്യവസായ കേന്ദ്രം, ഐ.ഐ.ടി. പാലക്കാട് എന്നിവിടങ്ങളിലായാണ് സൗജന്യ പരിശീലനം നല്‍കുക. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം സിവില്‍ സ്‌റ്റേഷന് പിന്‍വശം, പാലക്കാട് 678 001 എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം നേരിട്ടോ തപാല്‍ വഴിയോ നല്‍കണം.

 

അഭിമുഖം നവംബര്‍ ഏഴിന്

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ട്രേഡ്‌സ്മാന്‍(ഫിറ്റിങ്) തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

ചിറ്റൂര്‍ ഗവ. കോളെജില്‍ സീറ്റൊഴിവ്

ചിറ്റൂര്‍ ഗവ. കോളെജില്‍ ഒന്നാംവര്‍ഷ യു.ജി കോഴ്‌സുകളില്‍ വിവിധ വകുപ്പുകളില്‍ സീറ്റ് ഒഴിവ്. ബി.എ മ്യൂസിക്, ഇ.ഡബ്ല്യൂ.എസ്-ഒന്ന്, മുസ്ലീം-രണ്ട്, ബി.എ തമിഴ്, ഇ.ടി.ബി-ഒന്ന്, ഇ.ഡബ്ല്യൂ.എസ്-രണ്ട്, എസ്.സി-ഒന്ന്, ബി.എസ്.സി സുവോളജി-എസ്.ടി-ഒന്ന്, ബി. എസ്.സി മാത്തമാറ്റിക്‌സ്-ഇ.ഡബ്ല്യൂ.എസ്-ഒന്ന്, എസ്.ടി-ഒന്ന്, ബി.എസ്.സി കെമിസ്ട്രിയില്‍ ഇ.ഡബ്ല്യു.എസ്-മൂന്ന്, എസ്.ടി -ഒന്ന്, ബി. എസ്.സി ബോട്ടണി-ഇ.ഡബ്ല്യൂ.എസ്-രണ്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ 11 നകം അതാത് വകുപ്പുകളില്‍ എത്തണം. വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നല്‍കുക എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!