പാലക്കാട്: എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ നടപ്പിലാക്കുന്നതോടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ നടപ്പിലാകുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാകുന്നതിന് സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാകും. ഓണ്‍ലൈന്‍ സേവനങ്ങളും ഇതിന്റെ ഭാഗമായി ലഭ്യമാകും. ന്യൂനതകള്‍ പരിഹരിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ അനുശ്രിതമായി പുതുക്കപ്പെടുന്നു എന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കാലതാമസവും തെറ്റുകളും ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ എല്ലാ വിവരങ്ങളും പൊതുജനങ്ങളിലേക്ക് എത്തുന്നതിന് എന്റെ ഭൂമി എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍വേ റവന്യൂ-രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഭൂവിനിയോഗത്തിനായി കൃത്യമായ രേഖ തയ്യാറാക്കി കൊണ്ട് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ പോലുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ മുന്നേറ്റത്തിന് നിരവധി സേവനങ്ങള്‍ ഓണ്‍ലൈനായി മാറ്റിയിരിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട സേവനമാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ഇത്തരം ആപ്തവാക്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിന്റെയെല്ലാം ഭാഗമാണ് ഡിജിറ്റല്‍ റിസര്‍വേ നടപടികള്‍. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തികള്‍ വ്യക്തമായി തെളിയിക്കാനും കൃത്യമായി അടയാളങ്ങള്‍ സ്ഥാപിക്കുക, അടയാളങ്ങള്‍ ഇല്ലാത്തവര്‍ ബന്ധപ്പെട്ട അധികാരികളുടെ സഹായത്തോടെ അവ സ്ഥാപിക്കുക, ഇത്തരം നടപടികള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സെറ്റില്‍മെന്റ് സംവിധാനം കൂടി എന്റെ ഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ റീസര്‍വ്വേ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും നല്ല രീതിയില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് സര്‍വ്വേ സഭകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് സര്‍വ്വേ സഭകള്‍ സംഘടിപ്പിക്കുന്നത്. മറ്റു വില്ലേജുകളിലും ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമിയുടെ കൃത്യമായ അളവും രേഖകളും പൗരന്റെ അവകാശം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ഭൂമിയുടെ കൃത്യമായ അളവും രേഖകളും പൗരന്റെ അവകാശമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ ഉടമസ്ഥതയില്‍ കൃത്യതയോടു കൂടിയ അളവും ഡിജിറ്റല്‍ സര്‍വ്വേയും ലഭ്യമാകണമെങ്കില്‍ ഭൂഉടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 14 വില്ലേജുകളാണ് ഡിജിറ്റല്‍ റീസര്‍വേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് താലൂക്കിലെ എട്ട് വില്ലേജുകളും മണ്ണാര്‍ക്കാട് താലൂക്കിലെ ആറു വില്ലേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തീകരിക്കുന്നത്. എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേയിലൂടെ വലിയൊരു വിപ്ലവമാണ് കൊണ്ടുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വേ സംബന്ധിച്ച എല്ലാ വിവരങ്ങളും എന്റെ ഭൂമി പോര്‍ട്ടല്‍ വഴി പൊതുജനങ്ങളെ അറിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലുമായാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്. ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ആധികാരിക രേഖയാണ് ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാകുക.
തൃത്താലയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന എല്ലാ ആശയകുഴപ്പങ്ങള്‍ക്കും ഡിജിറ്റല്‍ റീസര്‍വേ പരിഹാരമാകുമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സാമ്പത്തികം റീ ബില്‍ഡ് കേരളയിലൂടെ ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വി റജീന, പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശ എന്നിവര്‍ പങ്കെടുത്തു.