ചിതറയില്‍ സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം നാളെ (നവംബര്‍ 4)
സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതയ്‌ക്കൊപ്പം കോണ്‍സ്റ്റിറ്റിയൂഷണല്‍ സെന്ററെന്ന പുതിയ ചുവട് വയ്പ്പ്കൂടി നടത്തുകയാണ് ചിതറ പഞ്ചായത്ത്. നാളെ (നവംബര്‍ 4) ഉച്ചയ്ക്ക് രണ്ട് മണിക്ക് കിഴക്കുംഭാഗം ടൗണ്‍ ഹാളില്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചിതറയെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ഭരണഘടനയ്‌കൊപ്പം മറ്റ് ലോകരാഷ്ട്രങ്ങളുടെ ഭരണഘടന സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. കിലയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. ഭരണഘടന സാക്ഷരതയ്ക്കായി പഞ്ചായത്ത് പരിധിയിലുള്ള 12800 കുടുംബങ്ങളിലെ 10 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സാക്ഷരത പരീക്ഷ നടത്തും. നവംബര്‍ 10ന് നടത്തുന്ന പരീക്ഷ വീടുകളില്‍ ഇരുന്ന് എഴുതാം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്തര കടലാസ് ശേഖരിച്ച് പരിശോധിക്കും. ആദ്യ പരീക്ഷയില്‍ മുന്നിലെത്തുന്ന 1000 പേര്‍ക്കായി നവംബര്‍ 20ന് പൊതുപരീക്ഷ നടത്തും. ഇതില്‍ മുന്നിലെത്തുന്ന 100 പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് എം.എസ് മുരളി പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ സാക്ഷരതാ കൈപുസ്തകം വിതരണോദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജെ.നജീബത്ത് ഭരണഘടന സാക്ഷരതാ പരീക്ഷ ചോദ്യപേപ്പര്‍ കൈമാറും. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ആര്‍.എം രജിത, കില സി.എച്ച്.ആര്‍ ഡി ഡയറക്ടര്‍ സുധ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് പദ്ധതി: ജില്ലാതല ഗുണഭോക്തൃ സംഗമം നാളെ (നവംബര്‍ 4)
ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലാതല ഗുണഭോക്തൃ സംഗമം ഉദ്ഘാടനം നാളെ (നവംബര്‍ 4) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍ അധ്യക്ഷനാകും. രാവിലെ 11.30 മുതല്‍ 3.30 വരെ ലൈഫ് വീടുകളുടെ തുടര്‍പരിപാലനം, ജീവനോപാധി കണ്ടെത്തല്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ എസ് കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉപതിരഞ്ഞെടുപ്പ് : പ്രാദേശിക അവധി
ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് നവംബര്‍ ഒമ്പതിന് പേരയം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡായ പേരയം, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോട്ടുവന്‍കോണം എന്നിവയുടെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ, പൊതുമേഖല, നിയമാനുസൃത സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പേരയം വാര്‍ഡിലെ എന്‍.എസ്.എസ് ഹൈസ്‌കൂള്‍, കോട്ടുവന്‍കോണം വാര്‍ഡിലെ കോട്ടുവന്‍കോണം സാംസ്‌കാരിക നിലയം 1, 2 എന്നിവിടങ്ങളില്‍ നവംബര്‍ എട്ടിനും അവധിയായിരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല.
ക്യാമ്പ് രജിസ്‌ട്രേഷനും ബോധവല്‍ക്കരണ ക്ലാസും
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ‘സമന്വയ’ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന ക്യാമ്പ് രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണ ക്ലാസ് എന്നിവയുടെ ഉദ്ഘാടനം നവംബര്‍ അഞ്ചിന് രാവിലെ 10ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ അധ്യക്ഷനാകും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മേല്‍വിലാസം തെളിയിക്കുന്ന രേഖയും (ഇലക്ഷന്‍ ഐഡി/നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്) സഹിതം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തണം. ഫോണ്‍: 0474 2746789
അപേക്ഷ ക്ഷണിച്ചു
2014 മുതല്‍ സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ പ്രവേശനം നേടുകയും പരീക്ഷയില്‍ പരാജയപ്പെട്ട ട്രെയിനികള്‍ക്ക് നവംബറില്‍ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്റെറി പരീക്ഷയിലേക്ക് അപേക്ഷിക്കാം. നവംബര്‍ 10 വൈകിട്ട് മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. www.womenitikollam.kerala.gov.in ഫോണ്‍: 0474 2793714.
സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗൃഹശ്രീ, സ്വയംപ്രഭ സ്വയംതൊഴില്‍ പദ്ധതികള്‍ വഴി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് ചെറുകിട ഗാര്‍ഹിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഗൃഹശ്രീ പദ്ധതിയില്‍ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ 75 ശതമാനം പരമാവധി 75,000 രൂപയും എ.പി.എല്‍ വിഭാഗക്കാര്‍ക്ക് 50,000 രൂപയും സബ്‌സിഡി അനുവദിക്കും.
മൂന്നോ അധികമോ അംഗങ്ങളുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി തുകയുടെ 75 ശതമാനം പരമാവധി രണ്ട് ലക്ഷം രൂപ വരെയും എ.പി.എല്‍ വിഭാഗക്കാരുടെ ഗ്രൂപ്പുകള്‍ക്ക് പരമാവധി ഒന്നരലക്ഷം വരെയും സബ്‌സിഡി അനുവദിക്കും. പദ്ധതി രേഖ, വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുടെ ക്വട്ടേഷന്‍, തിരിച്ചറിയല്‍ രേഖകള്‍, ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ വിവരങ്ങള്‍ സഹിതം നവംബര്‍ 10ന് മുന്‍പ് ജില്ലാ പഞ്ചായത്തിലോ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2748395.
സൗജന്യ പരിശീലനം
ഭാരത് സേവക് സമജ് വിമുക്ത ഭട•ാരുടെ ആശ്രിതര്‍ക്കായി വസ്ത്രനിര്‍മാണത്തില്‍ (ഫാഷന്‍ ഡിസൈനിങ്) സൗജന്യ പരിശീലനം നല്‍കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള കൊല്ലം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ ഏഴ്. വിവരങ്ങള്‍ക്ക് പ്രൊജക്റ്റ് ഡയറക്ടര്‍, ഭാരത് സേവക് സമജ്, കൊല്ലം 13 . ഫോണ്‍ 0474 2797478
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസ്സോസിയേഷന്‍) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31 വരെ ഇളവോടെ വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), കൊല്ലം .ഫോണ്‍ : 0474-2793402.
ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉന്നതിപദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, രണ്ടാംമൈല്‍, ചെറുകര പട്ടികവര്‍ഗ കോളനികളിലും, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ് പട്ടികവര്‍ഗ കോളനിയിലും, തെ•ലയിലെ ഉറുകുന്ന് പട്ടികവര്‍ഗ കോളനിയിലും പുതുതായി ആരംഭിക്കുന്ന ഉന്നതി കേന്ദ്രത്തിലേക്ക് ട്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണുള്ളത്. ബിരുദത്തോടൊപ്പം ബി.എഡ് അല്ലെങ്കില്‍ ടി.ടി.സിയാണ് യോഗ്യത. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ബന്ധപ്പെട്ട കോളനികളില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷകള്‍ നവംബര്‍ 10നകം കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. നവംബര്‍ 14ന് രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ അസല്‍ രേഖകളുമായി എത്തണം. ഫോണ്‍ : 9496070347, 0475 2319347.
പരസ്യ വില്പന
എക്‌സൈസ് കൊല്ലം റേഞ്ചിലെ മൂന്നാം ഗ്രൂപ്പില്‍പ്പെട്ട റ്റി.എസ് നമ്പര്‍ 12 കണ്ടച്ചിറ, 13 ചന്ദനത്തോപ്പ്, 14 കിളികൊല്ലൂര്‍, 15 പേരൂര്‍, 16 കുണ്ടറ എന്നീ അഞ്ച് കള്ളുഷാപ്പുകള്‍ വാര്‍ഷിക വാടക അടിസ്ഥാനത്തില്‍ ലൈസന്‍സ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ചിന്നക്കടയിലുള്ള എക്‌സൈസ് കോംപ്ലക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 16ന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരസ്യ വില്പന നടത്തും. മുന്‍ വര്‍ഷങ്ങളില്‍ കള്ളുഷാപ്പ് നടത്തിയവര്‍ക്ക് മുന്‍ഗണന. ഗ്രൂപ്പില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് മുന്‍ഗണന ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ആദ്യ വില്‍പ്പനയില്‍ പങ്കെടുക്കാതിരുന്നാല്‍ അബ്കാരി പോളിസിയില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം 50 ശതമാനം വാടക അടിസ്ഥാനത്തില്‍ നവംബര്‍ 17ന് രാവിലെ 11ന് വില്‍പ്പന നടത്തും. തുടര്‍ന്നും വില്പന നടന്നില്ലെങ്കില്‍ 750 രൂപ വാടക അടിസ്ഥാനത്തില്‍ തൊഴിലാളി കമ്മിറ്റികള്‍ക്ക് നല്‍കും. വിവരങ്ങള്‍ക്ക് കൊല്ലം എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ഫോണ്‍ 0474 2745648, കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഫോണ്‍ 0476 2631771.
അപേക്ഷ ക്ഷണിച്ചു
കൊല്ലം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ തൊഴിലധിഷ്ടിത കോഴ്‌സുകളായ പി.ജി.ഡി.സി.എ (ഒരു വര്‍ഷം, യോഗ്യത ബിരുദം), ഡി.സി.എ(എസ്) (ആറ് മാസം, യോഗ്യത പ്ലസ് ടു), ഡി.സി.എ (ഒരു വര്‍ഷം, യോഗ്യത എസ്.എസ്.എല്‍.സി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in/courses ഫോണ്‍: 0474 2970780.
സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ 2014 മുതല്‍ പ്രവേശനം ലഭിച്ചവരും വിവിധ അഖിലേന്ത്യ ട്രേഡ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ നവംബര്‍ 10 നകം ബി.ടി.സി പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് det.kerala.gov.in ഫോണ്‍ : 9400426123.
അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 15. ഫോണ്‍: 9496846522.
തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2022-23 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടി. ഫോണ്‍: 0474 2749334.