ഫോട്ടോ: തേങ്കുറിശ്ശിയില്‍ നടന്ന ലഹരി വിരുദ്ധ മനുഷ്യ ചങ്ങല.
പാലക്കാട്: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗ്രാമപഞ്ചായത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച് തേങ്കുറിശ്ശി ജങ്ഷന്‍ വരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ്, ലോഡിങ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍ തുടങ്ങിയവര്‍ കണ്ണിചേര്‍ന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണ്ണമണി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കിഷോര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
തേങ്കുറിശ്ശിയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന എന്നിവ ഇല്ലാതാക്കുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടക്കുന്നുണ്ട്. സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ രാവിലെയും വൈകിട്ടും പരിശോധന നടത്തുന്നുണ്ട്. കൂടാതെ സ്ഥാപനങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.