ഫോട്ടോ: കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു
പത്തനംതിട്ട: ജില്ലയിലെ ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രത്യേക കാമ്പയിന് തയാറാക്കണം. അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ സേവനങ്ങള്‍ ഒരുമിപ്പിച്ച് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. എല്ലാ ക്ഷയരോഗികള്‍ക്കും പോഷകാഹാരം, മറ്റ് സാമ്പത്തിക, മാനസിക പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന് മന്ത്രി ടിബി മുക്ത് ഭാരത് അഭിയാനില്‍ ദാതാക്കളെ ലഭ്യമാക്കാമെന്നും കളക്ടര്‍ പറഞ്ഞു. മുന്‍ കൂട്ടി രോഗം കണ്ടെത്തുന്നതിനും വാര്‍ധക്യകാല ക്ഷയരോഗ ചികിത്സയ്ക്കും പ്രധാന്യം നല്കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് ജില്ലയെ ക്ഷയരോഗവിമുക്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
നിലവില്‍ 558 ക്ഷയരോഗികള്‍ ചികിത്സയില്‍ ഉണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ കുട്ടികളിലെ ക്ഷയരോഗ കേസുകള്‍ കുറഞ്ഞു വരുന്നു. ക്ഷയരോഗ ശമനം 86.76 ശതമാനവും ചികിത്സാ വിജയം 91.3 ശതമാനം ആണെന്നും ജില്ലാ ടിബി ഓഫീസര്‍ ഡോ. നിതീഷ് ഐസക്ക് സാമുവേല്‍ പറഞ്ഞു. ക്ഷയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ക്ഷയരോഗ നിര്‍ണയ രക്തപരിശോധനയ്ക്കായി ഇഗ്ര ലാബ് പ്രവര്‍ത്തിക്കുന്നു. ഈ പരിശോധനയിലൂടെ രോഗികളുടെ വീടുകളിലെ അഞ്ച് വയസിന് മുകളിലുള്ളവരെ പരിശോധന നടത്തി ചികിത്സ ലഭ്യമാക്കി വരുന്നതായും യോഗം വിലയിരുത്തി.
മറ്റ് സാംക്രമികരോഗങ്ങളില്‍ മീസില്‍സ്, റുബെല്ല, മന്ത്, കരിമ്പനി രോഗങ്ങള്‍ 2023 ഓടെ നിര്‍മാര്‍ജനം ചെയ്യുന്നതിനും ഈ വര്‍ഷം മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തി വരുകയാണ്. തദ്ദേശീയരില്‍ മലേറിയ കണ്ടെത്തുന്നില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിലാണ് ഈ രോഗം കണ്ടെത്തുന്നതെന്നും യോഗം വിലയിരുത്തി.
മീസില്‍സ്, റുബെല്ല രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കുട്ടികളില്‍ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. ഈ വര്‍ഷം നാല് മന്ത് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ 2025 ഓടെ കുഷ്ഠരോഗ നിര്‍മാര്‍ജനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിലവില്‍ 10 പേര് കുഷ്ഠരോഗ ചികിത്സ തേടിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. രചന ചിദംബരം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.